മതത്തിന്റെ പേരിൽ വർഗീയത ഇറക്കുന്നവർ മതത്തിൽ പെട്ടവരല്ല: കെ എൻ എ ഖാദർ; കെ എം സി സി ബഹ്‌റൈൻ “മാനവീയം 2019” ശ്രദ്ധേയമായി

മനാമ: ഒരു മതത്തിലും വർഗീയതയെ അനുകൂലിക്കുന്നില്ല, മതത്തെ വർഗീയമായി ചിത്രീകരിച്ചു കൊണ്ട് രാഷ്ട്രീയ ലാഭമുണ്ടാകാനാണ് ബി ജെ പി സങ്കുപരിവാർ ചെയ്തു കൊണ്ടിരിക്കുന്നതെന്ന്‌ വേങ്ങര എം എൽ എ യും മുസ്ലിം ലീഗ് നേതാവും പ്രമുഖ വാക്മിയുമായ കെ എൻ എ ഖാദർ എം എൽ എ.

ഇന്നലെ രാത്രി ഹമദ് ടൗൺ കാനൂമജ്ലിസിൽ ബഹ്‌റൈൻ കെ എം സി സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി സങ്കടിപ്പിച്ച “മാനവീയം 2019” എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയത ഉപയോഗിച്ചുള്ള ബി ജെ പി യുടെ ഈ രാഷ്ട്രീയ വളർച്ച ഇപ്പോൾ കയറിക്കൊണ്ടിരിക്കുകയാണെന്നും താമസിയാതെ അത് താഴേക്കു തന്നെ നിലം പതിക്കുമെന്നും ഭൂരിപക്ഷ നിക്ഷ്പക്ഷ ചിന്താഗതിക്കാരിൽ നിന്നും ഒരു തിരിച്ചടി കിട്ടുന്നത് വരെയുള്ള കയറ്റമാണെന്നും തന്റെ നിരീക്ഷണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മതേതര പാർട്ടികളുടെ ഒന്നിക്കൽ അനിവാര്യമായ സാഹചര്യമാണ് നിലവിലെന്നും ചെറുപാർട്ടികൾക്കു അതിൽ വലിയ സംഭാവനകൾ അർപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാനവീയം പരിപാടി കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ഉത്ഘാടനം ചെയ്തു. കാനൂ മസ്ജിദ് ഇമാം ശൈഖ് അബ്ദുൽ ജലാൽ, ഹമദ് ടൗൺ ചാരിറ്റി ഓർഗനൈസേഷൻ ചെയർമാൻ യൂസുഫ് മഹമ്മീദ്, സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയിദ് ഫക്രുദീൻ തങ്ങൾ, കെ എം സി സി ബഹ്‌റൈൻ ട്രഷറർ ഹബീബ് റഹ്മാൻ, കെ എം സി സി ബഹ്‌റൈൻ ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ, ഒ ഐ സി സി ബഹ്‌റൈൻ നാഷണൽ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പ്രവാസലോകത്തെ ബിസിനസ്‌ അച്ചീവ്മെന്റ് അവാർഡ് നൽകി റോണാ കരീം ഹാജിയെയും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് സലാം മമ്പാട്ടുമൂലയെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ഹമദ് ടൗൺ കെ എം സി സി സ്ഥാപക പ്രസിഡന്റ് ഉസ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇല്യാസ് മുറിച്ചാണ്ടി സ്വാഗതവും അബ്ബാസ് വയനാട് നന്ദിയും പറഞ്ഞു.