ബഹ്‌റൈൻ കേരളീയ സമാജം “മെഗാ കിണ്ണംകളി” ഇന്ന് (വ്യാഴാഴ്‌ച) രാത്രി 8 മണിക്ക്

മനാമ: കേരള തനതു കലകളുടെ കൂട്ടത്തിലുള്ളതും ഇന്ന് അന്യം നിന്നുപോകുന്നതുമായ “കിണ്ണംകളി” അതിന്റെ മുഴുവൻ ചൈതന്യവും ഉൾക്കൊണ്ടുകൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിലെ നൂറിലധികം വനിതകളും പുരുഷന്മാരും ചേർന്ന് ഇന്ന് വ്യാഴാഴ്‌ച രാത്രി 8 മണിക്ക് അവതരിപ്പിക്കുകയാണ്. ഈ വർഷത്തെ ഓണാഘോഷപരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് “മെഗാ കിണ്ണംകളി”. കഴിഞ്ഞ കാലങ്ങളിൽ കേരളീയ സമാജം വനിതകൾ അവതരിപ്പിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരടുപിന്നിക്കളി എന്നിവ ലോകമലയാളികൾക്കിടയിൽ തന്നെ ചർച്ചാവിഷയമാവുകയും സർക്കാർ തലങ്ങൾ മുതൽ പല കോണുകളിൽ നിന്നും അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുകയും ചെയ്തവയാണ്.

കലാസ്വാദ്വകർക്ക് എന്നും കലാവിസ്മയങ്ങൾ തീർത്തുകൊണ്ടാണ് ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വർഷവും ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്. തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നീ കലാരൂപങ്ങളോട് സാദൃശ്യം തോന്നുമെങ്കിലും തികച്ചും വ്യത്യസ്‍തവും ആനന്ദകരവും ആയ ഒരു അനുഭൂതിയായിരിക്കും “മെഗാ കിണ്ണംകളി” കാണികൾക്ക് സമ്മാനിക്കുകയെന്നു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ള സെക്രട്ടറി ശ്രീ. എം പി രഘു എന്നിവർ പറഞ്ഞു.

ബഹ്റൈനിലെ മുഴുവൻ കലാസ്വാദകർക്കും സൗജന്യമായി പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും കഴിയും. ഓണാഘോഷത്തിന്റെ ഭാഗമായി ഇതുവരെ നടന്ന പലഹാര മേള, പായസമേള, പൂക്കളമത്സരം, മറ്റ് മത്സര പരിപാടികൾ എന്നിവയിൽ പൊതുസമൂഹത്തിന്റെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. മെഗാ കിണ്ണംകളിയോടെ തുടങ്ങുന്ന എല്ലാ പരിപാടികളിലേക്കും മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ചയ 6 മണിക്കാണ് ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.