ന്യൂഡൽഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഫേയ്‌സ്ബുക്ക് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശം. കേസിന്റെ ശരിതെറ്റുകളിലേയ്ക്ക് പോകുന്നില്ലെന്നും ഫേയ്‌സ്ബുക്ക് നൽകിയ ഹര്‍ജിയില്‍ തീരുമാനമെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഫേയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകൾ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. വര്‍ധിച്ചുവരുന്ന നിയമലംഘനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇത് കാരണമാക്കുന്നതായും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.