ശബരിമലയിൽ യുവതികൾ പ്രവേശിച്ചു; തന്ത്രിയുടെ തീരുമാനത്തിൽ സന്നിധാനത്തു ശുദ്ധിക്രിയക്കായി തീര്‍ത്ഥാടകരെ മാറ്റി

ശബരിമലയിൽ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി മടങ്ങിയാതായി സ്ഥിരീകരണം. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും മഫ്ടി പോലീസിന്‍റെ സുരക്ഷയിൽ ശബരിമല ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കുന്ന ശബരിമലയില്‍ ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ഭക്തന്മാരില്‍ നിന്ന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ഇരുവരും പറഞ്ഞു.

അതേ സമയം യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെ പരിഹാരക്രിയ നടക്കുകയാണ്. തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനം എടുത്തത്. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ശുദ്ധി ക്രിയയ്ക്കായി സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റി.

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു.

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രത്യേക നിരീക്ഷക സമിതി റിപ്പോർട് തേടി. ശബരിമല സ്പെഷ്യൽ കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  നിലവിലെ സാഹചര്യവും സംഭവങ്ങളും അറിയിക്കാൻ സമിതി നിർദേശിച്ചു.

നിലവിലെ സ്ഥിതിഗതികള്‍ സമിതി നിരീക്ഷിക്കുകയാണ്. യുവതി പ്രവേശനത്തിന് പിന്നാലെ തന്ത്രി നടയടച്ച സംഭവത്തില്‍  ദേവസ്വം ബോർഡാണ് നേരിട്ട് ഇടപെടേണ്ടതെന്ന് നിരീക്ഷക സമിതി വ്യക്തമാക്കി. നിരീക്ഷക സമിതിയുടെ അടുത്ത യോഗം ഈ മാസം പത്തിന് ചേരും.