അകാലത്തിൽ മരണമടയുന്നവരുടെ ബന്ധുക്കൾക്ക് താങ്ങാവാൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം

മനാമ: ബഹ്‌റൈനിലും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിലും വെച്ച് മരണമടയുന്നവരുടെ ബന്ധുക്കൾക്ക് തുടർന്ന് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ, ബഹ്‌റൈനിൽ അവശേഷിക്കുന്ന പരേതരുടെ സാധനങ്ങൾ ബന്ധുക്കൾക്ക് എത്തിച്ചുകൊടുക്കൽ എന്നിവക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) ചാരിറ്റി കമ്മിറ്റി സന്നദ്ധമായി മുന്നോട്ട് വന്നതായി ഭാരവാഹികൾ അറിയിച്ചു. കെ.പി. എഫ്‌. ചാരിറ്റി കമ്മിറ്റി അംഗം വേണു വടകര മാതൃകാ പ്രവർത്തനങ്ങളുമായി നോർക്കയുടെയും, ക്ഷേമനിധിയുടെയും വിവിധ ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കുന്നതിനും പ്രവാസികളെയും അവരുടെ ബന്ധുക്കളെയും സഹായിച്ചു വരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബഹ്‌റൈനിൽ വെച്ച് മരണമടഞ്ഞവരുടെ പ്രവാസി കുടുംബങ്ങൾക്ക് നോർക്ക സ്വാന്ത്വനം പദ്ധതി വഴി ഒരു ലക്ഷം രൂപ തരപ്പെടുത്തുവാൻ എന്തെല്ലാം ചെയ്യണം, എവിടെ ബന്ധപ്പെടണം എന്ന് വ്യക്തമായി മാർഗനിർദേശം നൽകിയാണ് ഇത്‌ സാധ്യമാക്കുന്നത്. ബഹ്‌റൈനിലും സൗദിയിലുമായി മരണമടഞ്ഞവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കുകയും, പുതിയ 3 അപേക്ഷകൾ നൽകിയിട്ടുമുണ്ട്. ഒരു രോഗിക്ക് അൻപതിനായിരം രൂപ നോർക്ക സ്‌കീം വഴി ലഭ്യമാക്കാനും അപേക്ഷ നൽകി. ഒരു മാസം പതിനഞ്ചോളം ആളുകളെ നോർക്ക കാർഡ്, അത്രയും പേരെ ക്ഷേമനിധി അംഗമാക്കൽ എന്നിവയും നടത്തി വരുന്നു. ഇത്‌ വർധിപ്പിച്ചു കൂടുതൽ അംഗങ്ങളെ ചേർക്കുവാൻ കെ.പി. എഫ് പദ്ധതിയിടുന്നുണ്ട്.

ഒരു വർഷം മുൻപ് ബഹ്റൈനിൽ മരണമടഞ്ഞ കണ്ണൂർ സ്വദേശി സജീവ് കുമാറിന്റെ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കുടുംബത്തിന് വിലമതിക്കാനാവാത്ത അദ്ദേഹത്തിന്റെ നിത്യോപയോഗ സാധനങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യൻ എംബസിയിലേക്ക് അയച്ച അധികാരപത്രം ഉപയോഗിച്ചു എംബസ്സി വഴി ശേഖരിച്ച്, അവ ഉടനെ നാട്ടിൽ എത്തിക്കാനുള്ള വേറിട്ട പ്രവർത്തനം നടത്തിയ വേണു വടകരയെ കെ.പി.എഫ് ഭാരവാഹികൾ അഭിനന്ദിച്ചു. കെ.പി.എഫ് ന്റെ ജി.സി.സി. കോർഡിനേറ്ററും, ഐ.സി.ആർ.എഫ് അംഗവുമായ സുധീർ തിരുനിലത്ത് എംബസിയുമായി ബന്ധപ്പെട്ട് ഇതിനായി സഹായങ്ങൾ നൽകി. കൂടാതെ വടകര കടമേരി സ്വദേശിയെ ബഹ്‌റൈനിൽ നിന്നും ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ കമ്പനി നാട്ടിലേക്ക് കയറ്റി വിട്ട വിവരം കെ.പി. എഫ്‌. സ്റ്റിയറിംഗ് കമ്മിറ്റി കൺവീനറും ഐ. സി. ആർ. എഫ്‌. അംഗവുമായ കെ. ടി. സലീമിനെ അറിയിച്ചപ്പോൾ, ഇന്ത്യൻ എംബസിയിലേക്ക് നാട്ടിൽ നിന്നും പരാതി ഇമെയിൽ വഴി എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് 1000 ദിനാർ കമ്പനി അയച്ചു കൊടുക്കുകയും ബാക്കിയുള്ള തുക ഉടനെ അയക്കുമെന്ന് എംബസിക്ക്‌ ഉറപ്പ് നൽകുകയും ചെയ്തതായും കെ. പി. എഫ്‌ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ കൃത്യമായ ഇടപെടൽ ഇന്ത്യൻ സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നതായും ഭാരവാഹികൾ വിലയിരുത്തി.

ഇത്തരം വിഷയങ്ങൾ പൊതു സമൂഹം അറിയണമെന്നും മൃതദേഹം നാട്ടിൽ എത്തിയാലും ആവശ്യമുള്ള സഹായം നാഥൻ നഷ്ട്ടപ്പെട്ട കുടുംബത്തിന് ലഭ്യമാക്കണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് ഈ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതെന്നും കെ.പി. എഫ്‌ ആക്റ്റിംഗ് പ്രെസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ട്രെഷറർ ജയേഷ്.വി.കെ എന്നിവർ അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് ‭39875836‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.