റിയാദ്: ഹൂതി വിമതരുടെ കേന്ദ്രങ്ങൾക്കുനേരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തി. യെമെനിലെ തുറമുഖനഗരമായ ഹൊദൈദയിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും കടലില്‍ ഉപയോഗിക്കുന്ന മൈനുകളും നിര്‍മിക്കുന്ന നാല് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. സൗദിയിലെ അരാംകോ എണ്ണപ്പാടങ്ങൾക്കുനേരേ കഴിഞ്ഞയാഴ്ച ഹൂതികൾ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നൽകുകയായിരുന്നു സൗദി സഖ്യസേന. ഈ ആക്രമണത്തിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലും ഹോര്‍മുസ് കടലിടുക്കും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുതിയ നാവികയുദ്ധ സഖ്യം നിലവില്‍ വന്നത്. ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ കൂട്ടായ്മ രൂപവത്‌കരിച്ചതെന്നും ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹൊദൈദ ആക്രമിച്ചതെന്നും സഖ്യസേന വക്താവ് പറഞ്ഞു. സൈനിക നീക്കമുണ്ടായാല്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി
