അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഹൂതി വിമതരുടെ ആക്രമണങ്ങളെക്കുറിച്ചും മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി യോജിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിക്രമങ്ങളെ നേരിടാൻ അമേരിക്കയടക്കമുള്ള സഹോദരരാഷ്ട്രങ്ങൾ ലഭ്യമാക്കിവരുന്ന പിന്തുണയെക്കുറിച്ചും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണവകുപ്പുമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ സുപ്രിം കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അലി ബിൻ ഹമദ് അൽ ഷംസി, ഫെഡറൽ കസ്റ്റംസ് അതോറിറ്റി ചെയർമാൻ അലി സായിദ് മതാർ അൽ നെയാദി തുടങ്ങിയവർ പങ്കെടുത്തു.