മനാമ: ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റിവൽ ‘നിഷ്ക 2019’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വ്യഴാഴ്ച ഇസ ടൗൺ കാമ്പസിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സീനിയർ സെക്ഷൻ ആനന്ദ് നായർ ആമുഖ പ്രഭാഷണം നടത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി ഡിസ്പ്ലേ ബോർഡ് മത്സരം നടത്തി. 11-ാം ക്ലാസിനു ‘മാലിന്യ സംസ്കരണവും സമൂഹവും: വെല്ലുവിളികളും സാധ്യതകളും’, 12-ാം ക്ലാസിനു ‘ മാർക്കറ്റിംഗ് തന്ത്രങ്ങൾ’ എന്നീ വിഷയങ്ങളിലായിരുന്നു ഡിസ്പ്ലേ ബോർഡ് മത്സരം. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ‘ഫാഷനിസ്റ്റ’ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗതവും ആധുനികവുമായ വസ്ത്രങ്ങൾ ഉപയോഗിച്ച് നടന്ന പരിപാടി വിദ്യാർത്ഥികളെ നൈതിക ഫാഷൻ ആശയങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്‌ഷ്യം നിറവേറ്റി.
പൊതുവിജ്ഞാനത്തെ അധികരിച്ച് ഒരു ക്വിസ് മത്സരം നടന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഫിറ്റ് ഫുഡി’ സാലഡ് നിർമ്മാണ മത്സരം നടന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെയും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെയും വിവിധ ഇനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ ഇത് വിദ്യാർത്ഥികളെ സഹായിച്ചു. ലോഗോയും അടിക്കുറിപ്പ് നിർമ്മാണ മത്സരങ്ങളും സൃഷ്ടിപരമായ ചിന്ത, കലാപരമായ കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതായിരുന്നു. സമാപനച്ചടങ്ങിൽ കൊമേഴ്‌സ് വകുപ്പ് തലവൻ ഡോ എം റഷീദ് സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥി ശരത് മേനോൻ ( വൈ.ബി.എ കാനൂ ) വിദ്യാർത്ഥികളുമായി സംവദിച്ചു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അഡ്വ. ബിനു മണ്ണിൽ വർഗീസ്, അജയകൃഷ്ണൻ വി, പ്രേമലത എൻ.എസ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, സതീഷ് ജി, വിനോദ് എസ് എന്നിവർ പങ്കെടുത്തു. ഹ്യുമാനിറ്റീസ് വകുപ്പ് മേധാവി ആൻലി ജോസഫ് നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണത്തോടെ പരിപാടി അവസാനിച്ചു.
ക്ലാസ് റൂം പഠനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയുടെയും ബുദ്ധിയുടെയും സംയോജനമാണ് ഇന്ത്യൻ സ്‌കൂൾ വാണിജ്യ, മാനവിക വകുപ്പുകളുടെ വാർഷിക ഉത്സവമായ നിഷ്ക. ഇന്ത്യൻ സ്കൂൾ 2003 മുതൽ നിഷ്ക കൊമേഴ്‌സ് ഫെസ്റ്റിവൽ നടത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.