പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് ആശ്വാസമേകി ഹാപ്പി ഹൗസ് ബഹ്റൈൻ

മനാമ: ഹാപ്പി ഹൗസ് ബഹ്‌റൈൻ സമാഹരിച്ച ഒരു ലക്ഷം രൂപ ബഹുമാനപ്പെട്ട നാദാപുരം എം എൽ എ ശ്രീ. ഇ കെ. വിജയൻ, കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബനാഥനായ ശ്രീ അനന്തന് കൈമാറി. ഹാപ്പി ഹൗസ് ഭാരവാഹികളായ സുകേഷ്, ഷാജി, ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന മാണിക്കോത്ത്‌ കണ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹാപ്പി ഹൗസ് ബഹ്‌റൈൻ വീണ്ടും ജീവകാരുണ്യ പ്രവർത്തനത്തിൽ സമയോചിതമായി ഇടപെട്ടിരിക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ വടകര എടച്ചേരി പഞ്ചായത്തിലെ കച്ചേരി എന്ന പ്രദേശത്തെ നടേമ്മൽ താഴകുനിയിൽ അനന്തന്റെ വീട് ഭാഗികമായി തകർന്നു വാസയോഗ്യമല്ലാതായി തീർന്നിരുന്നു. ഈ കുടുംബത്തിനെ സഹായിക്കാനാണ് ബഹ്‌റൈനിലെ കുറച്ചു കുടുംബങ്ങളുടെ കൂട്ടായ്മയായ ഹാപ്പി ഹൗസ് കൈ കോർത്തത്.

2018ലെ പ്രളയനാന്തരവും ഹാപ്പി ഹൗസ് ബഹ്‌റൈൻ സജീവമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിലും, അതുപോലെ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ധന സഹായവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക നൽകാനും കഴിഞ്ഞിട്ടുണ്ട്. അതുപോലെ നിരവധി പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, സഹായം നൽകാനും കഴിഞ്ഞ കാലഘട്ടങ്ങളിൽ ഹാപ്പി ഹൗസ് ബഹ്‌റൈന് സാധിച്ചിട്ടുണ്ട്. ഹാപ്പി ഹൗസ് ഇതുവരെ നടത്തിയ സുധാര്യവും സത്യസന്ധവുമായ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു ബഹ്‌റൈനിൽ വലിയ പിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത്.