ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവം: ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ‘തരംഗ് 2019’ ന് തുടക്കമായി

മനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവത്തിന് ബുധനാഴ്ച ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി. 2500 ലേറെ  വിദ്യാർത്ഥികൾ 130 ഓളം ഇനങ്ങളിൽ പങ്കെടുക്കുന്ന ഈ കലോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായി വിലയിരുത്തപ്പെടുന്നു. അഞ്ചു വേദികളിയായി നടക്കുന്ന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ മൂന്നിന് വ്യാഴാഴ്ച നടക്കും. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ /കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും.

കഴിഞ്ഞ നാളുകളിൽ വിദ്യാർത്ഥികൾ സ്റ്റേജ് ഇതര രചനാ മത്സരങ്ങളിലും ഗ്രൂപ് ഇനങ്ങളിലേക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരികയായിരുന്നു. വിദ്യാർഥികളിൽ കലാ നൈപുണ്യവും നേതൃപാടവവും വളർത്തുന്നുന്നതിന്റെ ഭാഗമായി ഈ കലോത്സവത്തിൽ ഹൌസ് സമ്പ്രദായമാണ് ഇന്ത്യൻ സ്‌കൂൾ പിന്തുടരുന്നത്. വിദ്യാർത്ഥികളെ നാല് ഹൌസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി രാമൻ എന്നീ ഗ്രൂപ്പുകളാണ് കലോത്സവത്തിൽ കിരീടം ചൂടാൻ മത്സരിക്കുന്നത്. ആറു മുതൽ 17 വയസു വരെയുള്ള വിദ്യാർത്ഥികളെ എ/ബി/സി/ഡി എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലായി  തിരിച്ചാണ് മത്സരം. സ്റ്റേജ്/നോൺ സ്റ്റേജ് ഇനങ്ങളിലായി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന വിദ്യാർത്ഥികൾ കലാശ്രീ /കലാപ്രതിഭ പുരസ്കാരങ്ങൾക്കു അർഹരാവും.

കുറ്റമറ്റ രീതിയിലും വേഗത്തിലും ഫലപ്രഖ്യാപനം നടത്തനാനായി പ്രത്യേക സോഫ്ട്‍വെയർ ഇന്ത്യൻ സ്‌കൂൾ തയ്യാറാക്കിയിട്ടുണ്ട്. ഗ്രൂപ് ഇനങ്ങളിലെ ജേതാക്കൾക്ക് മത്സരം കഴിഞ്ഞ ഉടൻ തന്നെ വേദിയിൽ ട്രോഫികൾ വിതരണം ചെയ്യും. വ്യക്തിഗത ഇനങ്ങളിലെ ജേതാക്കൾക്ക് ഒക്ടോബർ മൂന്നിന് ഫിനാലെയിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യുക. ഏകദേശം 800 ഓളം ട്രോഫികളാണ് കൗമാര പ്രതിഭകളെ  കാത്തിരിക്കുന്നത്. സ്റ്റേജ് ഇതര മത്സരങ്ങളിൽ ആവേശ ജനകമായ പങ്കാളിത്തമാണ് വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

അടുക്കും ചിട്ടയോടെയും കലോത്സവം നടത്താൻ സ്‌കൂൾ പ്രതിജ്ഞാ ബദ്ധമാണെന്നു എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. അതാതു മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിധികർത്താക്കളെ കലോത്സവത്തിനായി നിയോഗിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇസ ടൗൺ /റിഫ എന്നിങ്ങനെ രണ്ടു കാമ്പസുകളിലായി 12250 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ കലണ്ടറിൽ ഏവരും ഉറ്റുനോക്കുന്ന കലാ മാമാങ്കമാണ് തരംഗ് എന്ന യുവജനോത്സവം. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്‌കൂൾ സംഘാടക സമിതി കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.