മനാമ: ഇന്ത്യൻ സ്കൂളിൽ നിന്നും സാധനങ്ങൾ കടത്തിയെന്ന ആരോപണം ഭരണ സമിതി സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കൂട്ടുപ്രതികളെയും പൊതുമധ്യത്തിൽ തുറന്ന് കാട്ടണമെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലൂടെ ആവിശ്യപ്പെട്ടു. കേവലം രണ്ട് ജീവനക്കാരുടെ സസ്പെൻഷനിൽ മാത്രം കാര്യ ഗൗരവമേറിയ ഒരു വിഷയത്തെ ഒതുക്കിത്തീർത്ത് ഇന്ത്യൻ സ്കൂൾ എന്ന മഹത്തായ സ്ഥാപനത്തിന് കളങ്കം വരുത്താൻ ശ്രമിക്കുന്ന ഇന്ത്യൻ സ്കൂൾ ഭരണകൂടം ധാർമികതയുടെ പേരിലെങ്കിലും രക്ഷിതാക്കളോട് മാപ്പു പറഞ്ഞു രാജിവെച്ചൊഴിയണമെന്നും യു.പി.പി പ്രതിനിധികൾ ആവിശ്യം ഉന്നയിച്ചു.
ചെയര്മാനോ മറ്റു പ്രധാന അഡ്മിനിസ്ട്രേറ്റ് സ്റ്റാഫുകളുടെയോ പിന്തുണയോ അറിവോ ഇല്ലാതെ അശുറ ദിവസം പകൽ സമയം ഇത്തരത്തിലുള്ള മോഷണം നടക്കില്ലെന്നും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്വരച്ചേർച്ചയില്ലായ്മ ഒന്നുകൊണ്ട് മാത്രമാണ് ഇപ്പൊഴെങ്കിലും ഇത്തരത്തിലൊന്ന് പുറത്തു വരാനുള്ള സാഹചര്യമുണ്ടായതെന്നും പ്രതിനിധികൾ ആരോപിച്ചു.
CCTV ദൃശ്യങ്ങളിലൂടെ സംഭവം വ്യക്തമായെന്ന് പറയുമ്പോഴും രാജ്യത്തെ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാതിരുന്ന ചെയർമാന്റെ നിലപാട് ആശങ്ക ഉളവാക്കുന്നതാണെന്നും കൂട്ടുപ്രതികൾ പുറത്തു വരാതിരിക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും യു പി പി നേതാക്കൾ പറഞ്ഞു.
പത്ര സമ്മേളനത്തിൽ തരകൻ, മുഹമ്മദലി, സുനിൽ പിള്ളൈ, ബിജുജോർജ്, എബ്രഹാം ജോൺ, ഫൈസൽ. എഫ്. എം, അൻവർ ശൂരനാട്, ജ്യോതിഷ് പണിക്കർ, തോമസ് ഫിലിപ്പ്, എബി മാത്യു, അജി ജോർജ്, മോഹനൻ, ഷിജു വർക്കി, ജോർജ്, ജമാൽ കുറ്റികാട്ടിൽ എന്നിവർ പങ്കെടുത്തു.