“രാഷ്ട്രീയ താൽപര്യങ്ങളും ഇടപെടലുകളും സംഗീത നാടക അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളുടെ വളർച്ചയെ പിറകോട്ട് നയിക്കുന്നു”; ശിവജി ഗുരുവായൂർ

മനാമ: അഞ്ചു വർഷം കൂടുമ്പോൾ മാറി മാറി വരുന്ന സർക്കാരുകളുടെ രാഷ്ട്രീയ താൽപര്യങ്ങളും ഇടപെടലുകളുമാണ് മുഖ്യധാരയിൽ നിന്നും അന്യം സംഭവിച്ച് കൊണ്ടിരിക്കുന്ന നാടകമെന്ന കലാരൂപത്തിന്റെ വളർച്ചക്കടക്കം തടസം സൃഷ്ടിക്കുന്നതെന്ന് പ്രശസ്ത സിനിമാ-നാടക നടൻ ശിവജി ഗുരുവായൂർ. ഓണം മഹോത്സവം 2019 ന്റെ ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ട് സിംസ് ബഹ്റൈൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 28ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സമാപനച്ചടങ്ങിലേക്ക് മുഖ്യ അതിഥിയായി ബഹ്റൈനിലെത്തിയതായിരുന്നു ശിവജി. കലയ്ക്കും നാടിന്റെ ഉയർച്ചക്കും പ്രവാസികൾ നൽകുന്ന പങ്ക് അദ്ദേഹംം എടുത്ത് പറഞ്ഞു. നാടക മേഖലക്ക് നിസ്തുലമായ പ്രാധാന്യം ഇപ്പൊഴും പ്രവാസ ലോകത്തെ മലയാളികൾ നൽകി വരുന്നത് അഭിമാനാർഹമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം അറബിക്കഥയുടെ ഷൂട്ടിംഗ് സമയമായിരുന്നു തന്റെ പ്രഥമ ഗൾഫ് സന്ദർശനമെന്നും ഇത് ആദ്യ ബഹ്റൈൻ സന്ദർശനമാണെന്ന വിശേഷവും പങ്കുവെക്കാൻ മടിച്ചില്ല.

നാടകം തന്റെ ജീവവായുവും സിനിമ അന്നവുമാണെന്ന് പറഞ്ഞ ശിവജി ഇന്ന് കേരളത്തിൽ അമേച്ചർ നാടകവേദികൾക്ക് വലിയ രീതിയിലുള്ള ശോഷണം സംഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എങ്കിൽ എന്ത് കൊണ്ടാണ് കേരള സംഗീത നാടക അക്കാദമി അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇതിനെ വേണ്ട രീതിയിൽ പരിപോഷിപ്പിക്കാൻ കഴിയാതെ പോകുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് മാറി മാറി വരുന്ന ഭരണചക്രങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളാവാം കാരണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചത്. നേതൃത്വത്തിൽ എന്നും കലാരംഗത്തെ പ്രാഗദ്ഭ്യരായ ആളുകൾ തന്നെയാണ് എത്തുന്നതെങ്കിലും ബാഹ്യമായ രാഷ്ട്രീയ ഇടപെടലുകളിൽ പ്രവർത്തനം ലിമിറ്റ് ചെയ്യപ്പെടുന്നതാവാം അവസ്ഥക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലത്തിനും പലപ്പോഴും ഇത്തരത്തിൽ സംഭവിച്ചത് നമ്മൾ കണ്ടതാണെന്നും അഭിപ്രായപ്പെടുകയുണ്ടായി.

ശിവജി ഗുരുവായൂർ പറഞ്ഞത്: 

“നാടകം എന്ന് പറയുന്നത് എന്റെ ജീവവായുവും സിനിമ എന്നത് എൻറെ അന്നവുമാണ്. നാടകമില്ലെങ്കിൽ ഞാൻ ഇല്ല, ഇപ്പോഴും നാടകം കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക മെച്ചം തരുന്നത് സിനിമയും സംതൃപ്തി തരുന്നത് നാടകവുമാണ്. 

തൻറെ കുട്ടിക്കാലത്തു നാടകം കളിക്കാനായി മുന്നൂറ് നാന്നൂറ് രൂപക്കെല്ലാം കിട്ടിക്കൊണ്ടിരുന്ന ഓഡിറ്റോറിയങ്ങൾക്ക് ഇന്ന് ഒന്നേകാൽ ലക്ഷം രൂപയൊക്കെയാണ് വില, പരിശീലനങ്ങൾക്കും പ്രദർശനത്തിനും മറ്റുമായി ഇന്ന് ഒരു നാടകം കളിക്കണമെങ്കിൽ വളരെ വലിയ മുതൽ മുടക്കാണ്‌ ഉണ്ടാവുന്നത്. ഇങ്ങനെ പല കാരണങ്ങളാണ് ഇന്ന് നാടകത്തിനു വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നതിനു കാരണമാകുന്നത്. നാടക പരിശീലനത്തിനായി ഒരു വേദി ഒരുക്കുക എന്നത് ഏറെ നാളായി അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കാര്യമാണ്. അവർ കേൾക്കുന്നില്ല. ‘അവസാനം നീയെന്തു ചെയ്തു എന്ന ചോദ്യം അവശേഷിക്കാതിരിക്കാൻ വേണ്ടിയാണ് 10 സെൻറ് ഭൂമിയും വീടും ഉള്ള സമ്പാദ്യത്തിൽ നിന്ന് അഞ്ചു സെന്റിൽ നാടകത്തിനായുള്ള ആഡിറ്റോറിയം ഒരുക്കിയത്. ആർക്കും എപ്പോൾ വേണമെങ്കിലും വന്നു ഉപയോഗിക്കാം, പത്തു പൈസ ചെലവില്ലാതെ തന്നെ. 

സംഗീത നാടക അക്കാഡമിയിൽ കഴിവ് തെളിയിച്ച നിരവധി പേര് കടന്ന് പോയിട്ടുണ്ട്. സൂര്യ കൃഷ്ണമൂർത്തി, മുകേഷ്, മുരളി ചേട്ടൻ പോലെയുള്ള പല പ്രമുഖരും ഇരുന്നിട്ടുണ്ട്, മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. കെ പി എ സി ലളിതേച്ചിയുടെ രക്തത്തിൽ നാടകം ഉള്ളതാണ്. നാടകത്തിലൂടെ ജീവിച്ചു ഇപ്പോഴും നാടകത്തെ സ്നേഹിക്കുകയും സിനിമകളിലൂടെ മുന്നോട്ടു പോകുന്ന ആളാണ്. അവർ ഇന്ന് ചെയർപേഴ്സൺ സ്ഥാനത്തു ഇരിക്കുമ്പോഴും എന്തുകൊണ്ട് നമ്മളൊക്കെ ആഗ്രഹിക്കും പോലെ നടക്കുന്നില്ല എന്ന് പറയുന്നതിൽ, മറുപടി പെട്ടെന്ന് നൽകാൻ സാധിക്കുന്ന ഒന്നാകില്ല. കലാമണ്ഡലമായാലും സംഗീത നാടക അക്കാഡമി ആയാലും സാഹിത്യ അക്കാദമി ആയാലും അതിൻറെ ഭരണ ചക്രം തിരിക്കുന്നത് രാഷ്ട്രീയമാണ്. അയ്യഞ്ചു വര്ഷം കൂടുമ്പോൾ ആരാണോ ഭരിക്കുന്നത്, അവരാണ് നീ അവിടെ ഇരിക്ക് എന്ന് പറയുന്നത്. കലാമണ്ഡലത്തിന്റെയടക്കം ഗതികേട് എന്റെ കാഴ്ചപ്പാടിൽ അത് തന്നെയാണ്. കഥകളിയും ക്‌ളാസിക്കൽ നൃത്തങ്ങളും മറ്റും അഭ്യസിക്കുന്നിടത്തു ആരാണോ അതിന്റെ തലപ്പത്തിരിക്കുന്നത് എന്നതൊക്കെ പ്രസക്തമാണ്. 

അല്ലാതെ ലളിതേച്ചിക്കു നാടകത്തെ പരിപോഷിപ്പിക്കേണ്ടെന്ന തോന്നൽ ഒരിക്കലുമുണ്ടാകില്ല. പക്ഷെ അവർക്കൊരു ലിമിറ്റ് ഉണ്ടെന്നാണ് അർഥം. എന്നാലും അവരാ ലിമിറ്റിൽ നിന്നുകൊണ്ട് പലതും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മുരളി ചേട്ടനൊക്കെ സംഗീത നാടക അക്കാഡമിയിൽ ഇരുന്നു നല്ല രീതിയിൽ അവരുടെ സാന്നിധ്യം അറിയിച്ചവരാണ്.”