ഹസ്സ അൽ മൻസൂരിയെ വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച യുഎഇക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനം

അബുദാബി: ബഹിരാകാശ രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച യുഎഇയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഹസ്സ അൽ മൻസൂരിയെ യുഎഇ വിജയകരമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചു. യുഎഇ യുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും സഹോദരൻ ഹസ്സയിലൂടെ യുഎഇയുടെ ബഹിരാകാശത്തേക്കുള്ള യാത്ര ഐതിഹാസികമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു മോദി ട്വീറ്റ് ചെയ്തു. യുഎഇയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് 2022ൽ ഇന്ത്യൻ നിർമിത ബഹിരാകാശ പേടകത്തിൽ ഇന്ത്യൻ പൗരനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നും മോദി സൂചിപ്പിച്ചു. സെപ്റ്റംബർ 26 വൈകിട്ട് 5.57ന് കസാഖിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ കുതിച്ചുയർന്ന സോയുസ് എം.എസ് 15 പേടകം 11.42നാണ് ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്. എട്ടുമണിക്കൂറോളം സഞ്ചരിച്ചാണ് ഹസ്സ അൽ മൻസൂരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്.