ദുബായ്: മഴവെള്ളം ഒഴുക്കിക്കളയുന്ന വമ്പൻ പദ്ധതിയായ ഡീപ് ടണൽ പ്രോജക്ടിന്റെ 65% പ്രവർത്തനം പൂർത്തിയായി. എയർപോർട്ട് സിറ്റി, ദുബായ് എക്സ്പോ മേഖല എന്നിവിടങ്ങളിലാണ് പദ്ധതി ഒരുക്കുന്നത്. അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന ദുബായ് എക്സ്പോയ്ക്ക് മുൻപ് ഡീപ് ടണൽ പദ്ധതി പൂർത്തിയാക്കുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു. 250 കോടി ദിർഹമാണ് നിർമാണ ചെലവ്. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ രണ്ട് യന്ത്രങ്ങളാണ് തുരങ്കം നിർമിക്കാൻ ഉപയോഗിക്കുന്നത്. ദുബായ് വേൾഡ് പോർട്സിന് എതിർവശമുള്ള മേഖലയിലാണ് പമ്പിങ് സ്റ്റേഷൻ നിർമിക്കുക. ഷെയ്ഖ് സായിദ് റോഡിന്റെ എട്ടാം ഇന്റർസെക്ഷൻ വരെ തുരങ്ക നിർമാണം പൂർത്തിയായി. അടുത്തത് ഏഴാം ഇന്റർസെക്ഷൻ മേഖലയിലെ തുരങ്ക നിർമ്മാണമാണ്.