ബഹ്റൈൻ കേരളീയ സമാജം പാചകരത്ന പുരസ്കാരം പഴയിടം മോഹനൻ നമ്പൂതിരിക്ക്

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം പാചകകലയിലെ കുലപതി ശ്രീ പഴയിടം മോഹനന്‍ നമ്പൂതിരിയെ പാചകരത്ന പുരസ്കാരം നല്കി ആദരിക്കുന്നു. 29 വര്ഷങ്ങള്ക്കു മുമ്പ് യാദൃശ്ചികമായി പാചകകലയില്‍ തന്റേതായ ശൈലിയുമായി യാത്ര ആരംഭിച്ച ശ്രീ നമ്പൂതിരി ഇന്ന് മലയാളിയുടെ രുചി മോഹങ്ങളുടെ പര്യായമായി, സ്കൂള്‍ യുവജനോത്സവ വേദികളിലും കേരളത്തിലും വിദേശത്തുമായി വിവാഹങ്ങൾക്കും ഇതര ചടങ്ങുകള്ക്കും സദ്യയോരുക്കി വരുന്നു.

വിശക്കുന്ന വയറിനു അന്നം നല്കുന്നതിനേക്കാള്‍ പുണ്യം വേറെയില്ലെന്ന് വിശ്വസിക്കുന്ന ശ്രീ മോഹനന്‍ നമ്പൂതിരി ഇതിനോടകം രണ്ടര കോടിയോളം പേര്ക്ക് സദ്യ ഒരുക്കിയിട്ടുണ്ട്.

ഒൻപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായി ബി കെ എസ്സില്‍ ഓണസദ്യക്ക്‌ നേതൃത്വം നല്കുവാന്‍ എത്തിച്ചേര്‍ന്ന നമ്പൂതിരി ഇന്നും പകരക്കാരനില്ലാത്ത സാന്നിദ്ധ്യമായി തുടരുന്നു. കൈപുണ്യത്തില്‍ പരമ്പരാഗത ശൈലിയിലും തന്റേതായ രുചി ഭേദങ്ങളുമായി അന്ന് വരെ കാണാത്ത വിഭവങ്ങള്‍ ഓരോന്നായി മുന്നിലെത്തിച്ചപ്പോള്‍ മനസ്സുനിറഞ്ഞു പുഞ്ചിരിച്ച മുഖത്ത് തെളിയുന്ന കൌതുകമായിരുന്നു അന്ന് സമാജം അംഗങ്ങൾക്ക് നമ്പൂതിരി സമ്മാനിച്ചത്. ഇക്കുറിയും അത്ഭുതപ്പെടുത്തുന്ന രഹസ്യ ചേരുവകളുമായി ഒരു പായസ മധുരം സമാജം അംഗങ്ങള്‍ക്ക് സമ്മാനിക്കുന്നുണ്ട്.

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ തുടര്ച്ചയായി സദ്യക്ക് നേതൃത്വം നൽകി വരുന്ന മോഹനന്‍ നമ്പൂതിരിക്ക് കഴിഞ്ഞ വര്ഷം പാചക ശ്രേഷ്ട പുരസ്കാരം നല്കി കേരള സര്ക്കാര്‍ ആദരിച്ചിരുന്നു.

ജി സി സി രാഷ്ട്രങ്ങള്‍, അമേരിക്ക , ആസ്ത്രേലിയ, തെക്കേ ആഫ്രിക്ക തുടങ്ങി മലയാളികള്‍ ഉള്ള എല്ലാ ഇടങ്ങളിലും മലയാളിയുടെ രുചി മോഹങ്ങൾക്ക് സംതൃപ്തി നല്കി സദ്യ ഒരുക്കിയിട്ടുള്ള ശ്രീ നമ്പൂതിരിക്ക് പാചകരത്ന പുരസ്കാരം നല്കി ആദരിക്കുന്നതില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നു സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സമാജം ഒക്ടോബര്‍ 4ന് സംഘടിപ്പിക്കുന്ന 5000 പേര്ക്ക് ഒരുക്കുന്ന ഓണ സദ്യയോടനുബന്ധിച്ചുള്ള ചടങ്ങില്‍ ഓണസദ്യക്ക്‌ നേതൃത്വം നല്കുവാനായി ബഹ്റൈനിൽ എത്തിച്ചേരുന്ന മോഹനന്‍ നമ്പൂതിരിക്ക് പുരസ്ക്കാരം സമർപ്പിക്കും.