ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു

മനാമ: ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കേരളത്തിലെ പ്രളയ ബാധിതർക്കായി നിർമ്മിച്ചു നൽകുന്ന സ്നേഹഭവനം പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽ ദാന ചടങ്ങ് പാലക്കാട് ജില്ലയിലെ തൃത്താലയിൽ നടന്നു. ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി വർഷം തോറും നടത്തി വരാറുള്ള പാലക്കാട് ഫെസ്റ്റിലാണ് സ്നേഹ ഭവനം പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ പാലക്കാട് ഫെസ്റ്റിവൽ ഉദ്‌ഘാടകനായെത്തിയ തൃത്താല എം .എൽ.എ വി.ടി ബൽറാമിന്റെ ആവശ്യ പ്രകാരമാണ് തൃത്താല നിയോജക മണ്ഡലത്തിൽ ജില്ല കമ്മിറ്റി വീട് നിർമ്മാണം ആരംഭിച്ചത്. ആരോരുമില്ലാത്ത ഒരു അമ്മയാണ് ജില്ല കമ്മിറ്റി നൽകിയ വീടിന്റെ ഗുണഭോക്താവെന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്,സെക്രട്ടറി ഷാജി ജോർജ് എന്നിവർ പറഞ്ഞു.

തൃത്താലയിലെ പട്ടിത്തറയിൽ നടന്ന താക്കോൽ ദാന ചടങ്ങിൽ സ്നേഹ ഭവനം കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. വി.ടി ബൽറാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ജോജി ലാസർ, പാലക്കാട് ജില്ലയിലെ പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.