ദുബായ് ‘നീം’ നിക്ഷേപ സംഗമം ഇന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ പങ്കെടുക്കും

ദുബായ്: ദുബായ് ‘നീം’ നിക്ഷേപ സംഗമം ഇന്ന് വൈകീട്ട് അഞ്ചുമുതൽ എട്ടുമണിവരെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ കണ്ടെത്താൻ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ മുഖ്യമന്ത്രിക്ക് കോൺസൽ ജനറൽ വിപുൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം.എ. യൂസഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരണം നൽകി.

ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിലാണ് ‘നീം’ സംഗമം ദുബായിൽ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ വിഭാഗത്തിലുള്ളവർ പങ്കെടുക്കും. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.യിലെ വ്യവസായപ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ ഉച്ചഭക്ഷണ വിരുന്നിന് ശേഷം മന്ത്രി നാട്ടിലേക്ക് മടങ്ങും.