മനാമ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ( ഒഐസിസി ) ഗ്ലോബൽ കമ്മറ്റി പ്രസിഡന്റ് പത്മശ്രീ. അഡ്വ. സി കെ. മേനോന്റെ നിര്യാണത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ഒഐസിസി ക്കാർക്ക് മാത്രമല്ല പ്രവാസി സമൂഹത്തിന് മുഴുവൻ തീരാ നഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. പതിമൂന്നോളം രാജ്യത്ത് പടർന്നു നിൽക്കുന്ന അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങളിൽ മൂവായിരത്തോളം മലയാളികൾ ജോലി നോക്കുന്നുണ്ട്. മതസൗഹാർദ്ദത്തിന് വളരെയധികം സംഭാവനകൾ നൽകിയ അദ്ദേഹം വിവിധ മത വിഭാഗങ്ങൾക്ക് ആരാധനാലയങ്ങൾ പണിതുനൽകിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ വിവിധ ജയിലുകളിൽ ബ്ലഡ് മണി തുടങ്ങി ഫൈനുകൾ അടക്കാൻ നിർവാഹം ഇല്ലാതെ കഴിഞ്ഞിരുന്ന പാവപ്പെട്ട ആളുകൾക്ക് സാമ്പത്തിക സഹായം നൽകുവാൻ അദ്ദേഹം മുൻപിലുണ്ടായിരുന്നു. ഇറാക്ക് യുദ്ധകാലത്ത് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ട മലയാളികളായ നേഴ്‌സ് മാരെ രക്ഷിച്ചു കൊണ്ടുവരാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളോടൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. തിരികെ എത്തിയ നേഴ്സ് മാർക്ക് സാമ്പത്തിക സഹായം നൽകി അവരെ സഹായിക്കുവാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനം മുൻ നിർത്തി രാജ്യം പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാനം, നോർക്ക റൂട്ട്സ് ന്റെ വൈസ് ചെയർമാൻ സ്ഥാനം അടക്കം നൽകി ആദരിച്ചു.
ഒഐസിസി ദേശീയ കമ്മിറ്റി ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ സോമൻ ബേബി, സിറാജ് പള്ളിക്കര, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം കെ എം സി സി പ്രസിഡന്റ് എസ്. വി. ജലീൽ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ. സി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ് ഷീജ നടരാജ് എന്നിവർ അനുശോചന പ്രസംഗം നടത്തി.