ജമാല്‍ ഖശോഗി; തെളിവുകള്‍ ചോദിച്ച് സൗദി, പ്രതികളെ ചോദിച്ച് തുര്‍ക്കി ഭരണകൂടം

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ തുര്‍ക്കി നല്‍കുന്നത് വരെ കാത്തിരിക്കുമെന്ന് സൗദി പ്രോസിക്യൂഷന്‍. കേസില്‍ റിയാദില്‍ വിചാരണ ആരംഭിച്ച സാഹചര്യത്തിലാണ് സൗദിയുടെ പ്രതികരണം. എന്നാല്‍ കേസിലെ പ്രതികളെ വിട്ടു നല്‍കണമെന്ന നിലപാടിലാണ് തുര്‍ക്കി.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ഖശോഗിയെ സൗദിയില്‍ നിന്നെത്തിയ സംഘം കൊന്നത്. പിന്നീട് പ്രാദേശിക ഇടപാടുകാരന് മൃതദേഹം കൈമാറിയെന്നാണ് മൊഴി.

കേസില്‍ രഹസ്യാന്വേഷണ വിഭാഗം ഉന്നതരടക്കം 18 പേരാണുള്ളത്. ഇതില്‍ 11 പേരാണ് പ്രതികള്‍. എല്ലാവരും സൗദി പൗരന്മാര്‍. കൊലപാതകം നടന്നത് തുര്‍ക്കിയിലായതിനാല്‍ പ്രതികളെ വിട്ടു നല്‍കണമെന്നതാണ് തുര്‍ക്കിയുടെ ആവശ്യം. എന്നാല്‍ സ്വന്തം പൗരന്മാരെ വിട്ടു നല്‍കാന്‍ ‌ഭരണഘടന അനുവദിക്കുന്നില്ലെന്ന് സൗദിയും പറയുന്നു. കേസിന്റെ വിചാരണ തുടങ്ങിയതോടെ തെളിവുകള്‍ അനിവാര്യമാകും. ഇത് തുര്‍ക്കിയുടെ കയ്യിലുണ്ടെങ്കില്‍ നല്‍കണമെന്ന് സൗദി ആവശ്യപ്പെട്ടിരുന്നു. ഇതിനായി കാത്തിരിക്കുകയാണെന്നാണ് സൗദി പ്രോസിക്യൂഷന്‍ പക്ഷം. വിചാരണ തുടങ്ങുകയും തെളിവുകള്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ അനിശ്ചിചത്വമാകും നിലവില്‍.