ദുബായ്: മലയാളികൾക്കായി ദുബായിൽ കേരള അസോസിയേഷൻ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് സിഡിഎ ഡയറക്ടർ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‍യിലാണ് തീരുമാനം. ദുബായിലെ മലയാളികൾക്ക് ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി നേടുകയെന്നതായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. തീരുമാനം സി.ഡി.എ. അംഗീകരിക്കുകയും യു.എ.ഇ.യുടെ നിയമനടപടികൾക്കകത്ത് നിന്നുകൊണ്ടുതന്നെ ഇത് പ്രാവർത്തികമാക്കുകയും ചെയ്യും. സാമൂഹിക-മത വ്യത്യാസങ്ങൾ കൂടാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അസോസിയേഷനിൽ തുല്യപ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് ഡയറക്ടർ ജനറൽ യോഗത്തിൽ പറഞ്ഞു. പുതിയ കേരള അസോസിയേഷൻ രൂപവത്കരിച്ചാൽ അത് കേരളീയർക്കുവേണ്ടി പ്രവർത്തിക്കുക മാത്രമല്ല, യു.എ.ഇ. സർക്കാരിന്റെ വിവിധസംരംഭങ്ങളെ അവർക്ക് കഴിയുന്നവിധത്തിൽ പിന്തുണയ്ക്കുകകൂടി ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അസോസിയേഷൻ രൂപവത്കരണത്തിനും മറ്റു നടപടികൾക്കുമായി കേരള സർക്കാരിന്റെ കീഴിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. സിഡിഎറെഗുലേറ്ററി ആൻഡ് ലൈസൻസിങ് സിഇഒ ഡോ. ഉമർ അൽ മുത്തന്ന, കോൺസുൽ ജനറൽ വിപുൽ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസുഫലി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.