മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. ഒന്നര ബില്ല്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ അത്യാധുനിക സംവിധാനത്തോടെ നിര്‍മ്മിക്കുന്ന വിമാനത്താവളം ബഹ്‌റൈന്റെ ചരിത്രത്തിലെ തിലകക്കുറിയെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്. 2,07,000 ചതുരശ്ര മീററര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ടെര്‍മിനലില്‍ 4,600 ചതുരശ്രമീറ്ററില്‍ ഡിപാര്‍ച്ചര്‍ ഹാള്‍, 104 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 36 പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ബൂത്തുകള്‍, 24 സെക്യൂരിറ്റി സ്‌ക്രീനിംഗ് പോയന്റുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
ഡിസംബര്‍ 16 ബഹ്‌റൈന്‍ ദേശീയ ദിനത്തിൽ ഉദ്ഘാടനം നടത്തുവാനാണ് നേരത്തേ തീരുമാനിച്ചിരുന്നത് എന്നാൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണ് ഉദ്ഘാടനം മാര്‍ച്ച് അവസാനവാരത്തിലേക്കു മാറ്റിയത്. കഴിഞ്ഞ ദിവസം ജുഫയര്‍ ഈസാ കള്‍ച്ചറല്‍ ഹാളില്‍ നടന്ന ഗവണ്‍മെന്റ് ഫോറം പരിപാടിയിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. വിമാനത്താവളത്തിലെ ഇലകട്രോണിക് ബാഗേജ് ഹാന്‍ഡ്‌ലിംഗ്, ലഗ്ഗേജ് സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പുതിയ ടെര്‍മിനല്‍ നിലവിലെ വിമാനത്താവളത്തിന്റെ നാലിരട്ടി വലിപ്പത്തിലാണ് നിർമിക്കുന്നത്. വര്‍ഷത്തില്‍ 14 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാവുന്ന വിമാനത്താവളമായിരിക്കും ബഹ്‌റൈൻ ദേശീയ വിമാനത്താവളം.