ബഹ്‌റൈൻ ഇഡിബിയും കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പുവച്ചു

കേരള സ്റ്റാർട്ടപ്പ് മിഷൻ ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡുമായി (ഇഡിബി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ടെക്നോളജി സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായാണ് ദുബായിൽ നടക്കുന്ന മുപ്പത്തൊന്‍പതാമത് വാര്‍ഷിക ജൈടെക്സ് സാങ്കേതികവിദ്യാ വാരത്തില്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കെഎസ‌്‌യുഎം ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ അശോക് കുര്യനും ഇഡിബി ഇന്ത്യ റീജനല്‍ ഡയറക്ടര്‍ ധര്‍മി മഗ്ദാനിയുമാണ് ധാരണാപത്രം കൈമാറിയത്. ഇരു രാജ്യത്തിന്റെയും സ്റ്റാർട്ടപ്പുകൾക്കായി വിപണിയിൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ മുഖ്യ ലക്ഷ്യം. ഇതിലൂടെ ഡിജിറ്റൽ, മൊബൈൽ പേയ്‌മെന്റുകൾ, ബ്ലോക്ക്‌ചെയിൻ, ഡിസ്ട്രിബ്യൂട്ട് ലെഡ്ജറുകൾ, ബിഗ് ഡാറ്റ, ഫ്ലെക്‌സിബിൾ പ്ലാറ്റ്‌ഫോമുകൾ (എപിഐ), എ‌എം‌എൽ, ഇകെവൈസി, ഫിൻ‌ടെക്, ഐസിടി എന്നിവയുടെയും മറ്റു ഉയർന്നുവരുന്ന മേഖലകളുടെയും നവീകരണ പദ്ധതികളുടെ പര്യവേക്ഷണം യാഥാർഥ്യമാക്കുകയും ചെയ്യുമെന്ന് കെ‌എസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ബഹ്‌റൈനിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ആവാസവ്യവസ്ഥയെ കേരളത്തിന് പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരമാണിത്. ബഹ്‌റൈനും ഇന്ത്യയും ആയിരക്കണക്കിന് വർഷങ്ങളായി വാണിജ്യ ബന്ധം പുലർത്തുന്നുണ്ട്, നിലവിൽ വ്യാപാരം 1.3 ബില്യൺ ഡോളറാണ്.