പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ ഏഴാംഘട്ട ധനസഹായം പ്രകാശൻ കുടുംബധന സഹായനിധിയിലേക്ക് കൈമാറി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ ഏഴാം ഘട്ട ധനസഹായം ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരണമടഞ്ഞ തിരൂർ സ്വദേശി പ്രകാശന്റെ കുടുംബത്തിനുവേണ്ടി പ്രകാശൻ കുടുംബധന സഹായനിധിയിലേക്ക് കൈമാറി. ഭാര്യയും രണ്ട് ചെറിയ കുഞ്ഞുങ്ങളും മടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. തലചായ്ക്കാൻ ഒരുസെന്റ് ഭൂമിയൊ,വീടോ ഇല്ലാത്ത ഈ നിർദ്ധന കുടുംബത്തെ സഹായിക്കുവാൻ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി ശ്രമങ്ങൾ നടക്കുന്നുണ്ട്.

ചെറിയ ഒരു സ്ഥലം വാങ്ങാൻ അഡ്വാൻസ്‌ കൊടുത്തെങ്കിലും രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനുള്ള പണം കണ്ടെത്തുവാനുള്ള ഓട്ടത്തിനിടയിലായിരുന്നു പ്രകാശന്റെ വിയോഗം. സുമനസ്സുകളുടെ കാരുണ്ണ്യത്താൽ എത്രയും വേഗം അദ്ദേഹം ആഗ്രഹിച്ചിരുന്നത് പോലെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കുവാനാകുമെന്ന പ്രതീക്ഷയിലാണ് കുടുബധന സഹായത്തിനായി മുൻകൈയെടുത്ത ബഹ്‌റൈൻ സാമൂഹിക പ്രവർത്തകർ. പീപ്പിൾസ്‌ ഫോറം അംഗങ്ങളിൽനിന്നും സമാഹരിച്ച 30,000 രൂപയുടെ ധനസഹായം ട്രെഷറർ മനീഷ് മുരളീധരൻ സോഷ്യൽ വെൽഫെയർ അസ്സോസിയേഷൻ എക്സിക്യൂട്ടീവ് അംഗം മജിദ് തണലിന് കൈമാറി. പീപ്പിൾസ് ഫോറം പ്രസിഡന്റ് ജെ. പി ആസാദ്, വൈസ് പ്രസിഡന്റ് ആർ. കെ ശ്രീജൻ, സോഷ്യൽ വെൽഫെയർ അസ്സോസിയേഷൻ വൈസ് പ്രസിഡന്‍റ് മുഹമ്മദലി മലപ്പുറം ഫ്രന്റ്സ് സോഷ്യല്‍ അസ്സോസിയേഷൻ പ്രസിഡന്‍റ് ജമാൽ നദ്‌വി എന്നിവർ സന്നിഹിതരായിരുന്നു.