മനാമ: തന്റെ കർമ്മപഥത്തിൽ പുതിയ ലക്ഷ്യങ്ങളിലേക്ക് ചുവടുവെക്കുന്ന പ്രമുഖ അധ്യാപകനും പ്രഭാഷകനുമായ സജ്ജാദ് ബിൻ അബ്ദുൽറസാഖിന് അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം മനാമ യൂണിറ്റും ക്യു.എച്ച്.എൽ.എസ് (QHLS) വിദ്യാർത്ഥികളും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ദീർഘകാലം അൽ മന്നാഇ മലയാളം വിംഗിൽ അദ്ദേഹം നടത്തിയ സ്തുത്യർഹമായ സേവനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു.
യൂണിറ്റ് പ്രസിഡന്റ് അബ്ദു ലത്വീഫ് ആല്യമ്പത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിദ്ദീഖ് മനാമ സ്വാഗതം ആശംസിച്ചു. സൈനബ് ബിന്ത് ബിനു ഇസ്മായിലിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
ഹംസ അമേത്ത്, ബിനു ഇസ്മായിൽ, ഒ.വി. ഷംസീർ, മുഹമ്മദ് ഷഹബാസ്, അഷ്റഫ് ടി.കെ., സിറാജ്, ഇസ്ഹാഖ്, അബ്ദു റഹ്മാൻ പാലിക്കണ്ടി, സാഫിർ അഷ്റഫ്, ഷഹീബ് മൊയ്തൂട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ അനുഭവങ്ങൾ റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികളായ അമ്മാർ ബിൻ ഷംസീർ, ആഹിൽ ബിൻ അഷ്റഫ്, ഉമൈർ ബിൻ ഇസ്മായിൽ, ആമിർ ബിൻ അബ്ദുൽ ലത്തീഫ് എന്നിവർ പങ്കുവെച്ചു.
യൂണിറ്റ് പ്രതിനിധികൾ ഉപഹാരങ്ങൾ സമർപ്പിച്ചതിന് ശേഷം സജ്ജാദ് ബിൻ അബ്ദുൽറസാഖ് മറുപടി പ്രഭാഷണം നടത്തി. യൂണിറ്റ് ട്രഷറർ അബ്ദുൽ വഹാബ് നന്ദി പ്രകാശിപ്പിച്ചു. സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് സജ്ജാദ് ബിൻ അബ്ദുൽറസാഖിന്റെ വരാനിരിക്കുന്ന പുതിയ ദൗത്യങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ടാണ് സമാപിച്ചത്.









