മനാമ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ ശത്രുതാപരമായ മിസൈലുകളോ ഡ്രോണുകളോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു. ബഹ്റൈന്‍ പ്രതിരോധ സേനയുടെ എല്ലാ വിഭാഗങ്ങളും യൂണിറ്റുകളും അതീവ ജാഗ്രതയിലാണെന്നും സജ്ജമാണെന്നും ജനറല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍, ബഹ്റൈന്‍ ലക്ഷ്യമിട്ടെത്തിയ 194 മിസൈലുകളും 515 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി ജനറല്‍ കമാന്‍ഡ് വെളിപ്പെടുത്തി. ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റോയല്‍ ഫീല്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ പരിശോധനയും സുരക്ഷാ നടപടികളും തുടരുകയാണ്.
ബിഡിഎഫ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന ഉയര്‍ന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം രേഖപ്പെടുത്തി. ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങളോ സംശയാസ്പദമായ വസ്തുക്കളോ സന്ദര്‍ശിക്കരുതെന്നും സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മിസൈല്‍ അവശിഷ്ടങ്ങള്‍ ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.









