മനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ 2025-ന്റെ മൂന്നാം പാദാവസാനത്തോടെ 473,323 ആയി ഉയര്‍ന്നതായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്ഐ) അറിയിച്ചു. എംപി ജലാല്‍ കാദിമിന് നല്കിയ മറുപടിയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
പൊതു-സ്വകാര്യ മേഖലകളിലായി ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള ബഹ്റൈന്‍ സ്വദേശികളുടെ എണ്ണത്തിലും ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ല്‍ 151,659 ആയിരുന്നത് 2024-ല്‍ 154,894 ആയി ഉയര്‍ന്നു. 2025 ന്റെ മൂന്നാം പാദത്തോടെ ഇത് 157,213 ആയി.
ഇതേ കാലയളവില്‍ സ്വകാര്യ മേഖലയിലെ പ്രവാസികളുടെ എണ്ണം 2023-ലെ 458,768-ല്‍ നിന്ന് 2024-ല്‍ 467,267 ആയും, തുടര്‍ന്ന് 2025-ല്‍ 473,323 ആയും ഉയര്‍ന്നു.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴിലിനിടയിലെ പരിക്കുകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ മാത്രമാണ് നല്‍കുന്നതെന്നും ഇവരുടെ കൃത്യമായ കണക്കുകള്‍ പ്രത്യേകം ലഭ്യമല്ലെന്നും ഓര്ഗനൈസേഷന് വ്യക്തമാക്കി. രണ്ട് മേഖലകളില്‍ നിന്നുമുള്ള ആകെ ഇന്‍ഷുറന്‍സ് വിഹിതം 2023-ലെ 418.657 ദശലക്ഷം ബഹ്റൈന്‍ ദിനാറില്‍ നിന്ന് 2024-ല്‍ 437.448 ദശലക്ഷം ദിനാറായി വര്‍ദ്ധിച്ചു. 2020-ലെ ഡിക്രി നിയമം നമ്പര്‍ 21 പ്രകാരം രണ്ട് ഫണ്ടുകള്‍ ലയിപ്പിച്ചതിന് ശേഷമുള്ള ഏകീകൃത റിപ്പോര്‍ട്ട് പ്രകാരമാണിത്.
പെന്ഷന് കൈപ്പറ്റുന്ന വിരമിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2023-ല്‍ 84,612 ആയിരുന്നത് 2024-ല്‍ 85,607 ആയും, 2025 സെപ്റ്റംബര്‍ അവസാനത്തോടെ 86,003 ആയും വര്‍ദ്ധിച്ചു.









