മനാമ: ബഹ്റൈനെതിരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ ആഘാതം നേരിടുന്നതിനായി സ്വീകരിച്ച നടപടികള്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. തിങ്കളാഴ്ച ഗുദൈബിയ കൊട്ടാരത്തിലായിരുന്നു പ്രതിവാര യോഗം ചേര്‍ന്നത്.
ജോര്‍ദാന്‍ കിരീടാവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് അല്‍ ഹുസൈന് ബിന്‍ അബ്ദുല്ല രണ്ടാമന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി, ബഹ്റൈനിലെ സ്വദേശി തൊഴിലാളികളുടെ കഴിവിനെയും സര്‍ഗ്ഗാത്മകതയെയും യോഗം പ്രശംസിച്ചു. വിവിധ മേഖലകളില്‍ ‘ടീം ബഹ്റൈന്‍’ കൈവരിച്ച നേട്ടങ്ങളെ മന്ത്രിസഭ എടുത്തുപറഞ്ഞു. ദേശീയ മുന്‍ഗണനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും തൊഴില്‍പരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്കിനെ മന്ത്രിമാര്‍ അഭിനന്ദിച്ചു.
രാജ്യത്തുടനീളം കൊതുക് ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, അത് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനും മുന്‍സിപ്പാലിറ്റി കാര്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഫീല്‍ഡ് മോണിറ്ററിംഗ് ശക്തമാക്കാന്‍ യോഗം ആവശ്യപ്പെട്ടു.
കാര്‍ഷിക സംരംഭകത്വ പരിശീലന പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനായി കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റും തമ്മിലുള്ള ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡും (മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍) തമ്മിലുള്ള കരാറിന് അംഗീകാരം നല്കി.
ജനപ്രതിനിധി സഭ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ മറുപടി മന്ത്രിസഭ അംഗീകരിച്ചു. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 38-ാമത് സമ്മേളനത്തില്‍ ബഹ്റൈന്‍ പങ്കെടുത്ത റിപ്പോര്‍ട്ടും, 2026 മെയ് മാസത്തിലെ വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങളും യോഗം അവലോകനം ചെയ്തു.









