മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും സമൂഹമാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തുകയും ചെയ്ത 24 പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു. അഞ്ച് മുതൽ പത്ത് വർഷം വരെയാണ് വിവിധ പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി വിധിച്ച ശിക്ഷയെന്ന് ഭീകരവിരുദ്ധ പ്രൊസിക്യൂഷൻ വിഭാഗം തലവൻ അറിയിച്ചു.
മൊത്തം 22 കേസുകളിലായാണ് വിധി വന്നിരിക്കുന്നത്. ചില പ്രതികൾക്ക് 2,000 ബഹ്‌റൈൻ ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. മറ്റൊരു പ്രതിക്ക് ഒരു വർഷം തടവും 2,000 ദിനാർ പിഴയുമാണ് ശിക്ഷ. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
പ്രധാന കുറ്റങ്ങൾ: ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുക, രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ ദൃശ്യങ്ങളും രഹസ്യവിവരങ്ങളും പ്രസിദ്ധീകരിക്കുക, പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. സൈബർ ക്രൈം വിഭാഗം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തിയത്.
ആക്രമണ സമയത്ത് പൊതുജനങ്ങളുടെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളുടെ മൊഴികളും ഫോറൻസിക് പരിശോധനാ ഫലങ്ങളും കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായി.
അഭിപ്രായസ്വാതന്ത്ര്യം നിയമപരമായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും അത് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലാകരുതെന്ന് പ്രൊസിക്യൂഷൻ പ്രസ്താവനയിൽ ആവർത്തിച്ചു.









