മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത്ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ, ഏരിയാ യൂണിറ്റ് അംഗം മനോഷ് കോരയ്ക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ബഹ്റൈനിൽ നിന്നും മറ്റൊരു പ്രവാസ ലോകത്തേക്ക് യാത്രയാകുന്നതാണ് അദ്ദേഹം.
മെയ് 15 വെള്ളിയാഴ്ച പള്ളിയങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ, ബേത്ലഹേം ഏരിയ യൂണിറ്റിന്റെ വകയായുള്ള സ്നേഹോപഹാരം ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ മനോഷ് കോരയ്ക്കും കുടുംബത്തിനും കൈമാറി.
ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി, ഏരിയാ യൂണിറ്റ് അംഗം ബിസി എബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തനിക്കും കുടുംബത്തിനും നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് മനോഷ് കോര മറുപടി പ്രസംഗത്തിലൂടെ നന്ദി അറിയിച്ചു.
ചടങ്ങിൽ കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിക്കുകയും സൂസൻ ചെറിയാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ നിരവധി ഇടവകാംഗങ്ങളും സുഹൃത്തുക്കളും സംബന്ധിച്ചു.









