മനാമ: പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി.
മുന്നൂറ്റമ്പതോളം (350) പേർ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവൽക്കരണ സെമിനാറുകളും നടന്നു.
മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ച് ജൂൺ 19 വെള്ളിയാഴ്ച ആയിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന ആരോഗ്യ സെമിനാറുകൾ ഏറെ ശ്രദ്ധേയമായി. ക്ലിനിക്കൽ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ജിഷ ജോസഫ് നയിച്ച ‘ഈറ്റ് സ്മാർട്ട്, ലൈവ് ബെറ്റർ’ ഡയറ്റ് സെമിനാറും, പ്രമുഖ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. സോണി പി. ജേക്കബ് നയിച്ച ‘ഹെൽത്തി ഹാർട്ട്, ഹെൽത്തി ലൈഫ്’ ഹൃദയരോഗ്യ സെമിനാറും വിവിധ രോഗങ്ങളെ പറ്റിയും ചികിത്സകളെ പറ്റിയും ക്യാമ്പിൽ പങ്കെടുത്തവർക്ക് ക്ലാസുകൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
ബഹ്‌റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകനും ഹരിഗീതപുരത്തിന്റെ സീനിയർ അംഗവുമായ ശ്രീ. സോമൻ ബേബി, മുൻ രക്ഷധികാരി ശ്രീ. അലക്സ് ബേബി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സനൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക ചടങ്ങിന് ജയകുമാർ. കെ. ജി. സ്വാഗതവും. ഹരിഗീതപുരം അഡ്വൈസർ ബോർഡ് അംഗം ശ്രീ. എസ്.എം. പിള്ള, ഷിഫ അൽ ജസീറ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സുൽഫിക്കർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക്, ഹരിഗീതപുരം എക്‌സിക്യൂട്ടീവ് അംഗങ്ങളും, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. സജിത്ത്. എസ്. പിള്ളയുടെയും, ദീപക് തണലിന്റെയും നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി, പ്രോഗ്രാംകമ്മറ്റി, അഡ്വൈസറി ബോർഡ്, വനിതാ വേദി അംഗങ്ങൾ ക്യാമ്പിന്റ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
പ്രവാസികൾക്കായി ഒരുക്കിയ ഈ മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കി തീർത്ത മുഴുവൻ പ്രവാസി കുടുംബാംഗങ്ങളോടും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ദീപക് തണൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.









