small icons
small icons

ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധം; പ്രതിപക്ഷ പാനലുകൾ യു.പി.പിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനം

New Project (48)

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിന്റെ നിലവിലെ ഭരണസമിതിയുടെ ഗുരുതരമായ കെടുകാര്യസ്ഥതയിലും ഭരണപരമായ വീഴ്ചകളിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാനലുകൾ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു പ്രതിപക്ഷ പാനലായിരുന്ന ഐ.എസ്.പി.എഫും (ISPF) കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി പാനലിനൊപ്പം നിന്നിരുന്ന ഇന്‍ഡക്സ് (INDEX) എന്ന സംഘടനയും മാതൃസംഘടനയായ യു.പി.യിലേക്ക് ചേരുകയായിരുന്നു. ഇതോടെ ‘യു.പി.പി’ (UPP) എന്ന ഒറ്റ ശക്തിയായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.

കഴിഞ്ഞ ശനിയാഴ്ച സ്കൂളിൽ പ്രത്യേകമായി വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിന്റെ പ്രധാന അജണ്ട ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളുടെ വിഷയമായിരുന്നു. എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കളെ യോഗത്തിൽ നിന്ന് ഒഴിവാക്കി, ഫീസ് അടച്ചവരെ മാത്രം പങ്കെടുപ്പിച്ചത് പ്രശ്നപരിഹാരത്തിനുള്ള ആത്മാർത്ഥമായ ശ്രമമല്ലെന്ന് യു.പി.പി കുറ്റപ്പെടുത്തി. പ്രത്യേക വേർതിരിവില്ലാതെ അവരെ പങ്കെടുപ്പിച്ചെങ്കിൽ മാത്രമേ സ്കൂളിന്റെയും രക്ഷിതാക്കളുടെയും സാഹചര്യങ്ങൾ പരസ്പരം മനസ്സിലാക്കാൻ സാധിക്കൂ. സ്കൂളിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും ശമ്പള വിതരണ വെല്ലുവിളികളും പരിഹരിക്കാൻ തുറന്ന ആശയവിനിമയമാണ് വേണ്ടത്.

ഫീസ് കുടിശ്ശികയുള്ളവർക്ക് പൊതുയോഗങ്ങളിൽ വിലക്കേർപ്പെടുത്തുകയും തെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കുകയും ചെയ്യുന്ന സമീപനം നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നു. വലിയ കുടിശ്ശികയുള്ളവരെ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങളുടെ വിജയത്തിനായുള്ള “വോട്ട് ബാങ്ക്” ആയി ഉപയോഗിക്കാനും തങ്ങളുടെ പിന്തുടർച്ചക്കാർക്ക് വോട്ട് ചെയ്യാനുമായി ഇളവുകൾ നൽകാനുള്ള ഗൂഢപദ്ധതിയാണോ ഇതെന്ന സംശയം ഭരണസമിതി തന്നെയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള വലിയ തുക കുടിശ്ശികക്കാരുടെ മക്കൾ ക്ലാസുകളിൽ കയറുമ്പോൾ, തൊഴിൽപരമായോ മറ്റോ ചെറിയ തുക കുടിശ്ശികയുള്ള സാധാരണക്കാരുടെ കുട്ടികളുടെ മാർക്ക് ലിസ്റ്റ് തടഞ്ഞുവെക്കുന്നതും ക്ലാസിൽ കയറ്റാത്തതും കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ വലിയ വിഷമങ്ങളും വേർതിരിവുകളും ഉണ്ടാക്കുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

മുൻകാലങ്ങളിൽ പുതിയ അധ്യയന വർഷത്തിന് മാസങ്ങൾക്ക് മുൻപ് പാഠപുസ്തകങ്ങൾ ഓർഡർ ചെയ്ത് വരുത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മധ്യവേനൽ അവധി തുടങ്ങിയിട്ട് പോലും പ്രൈമറി ക്ലാസുകളിൽ ഉൾപ്പെടെ മുഴുവനായി പുസ്തകങ്ങൾ എത്തിയിട്ടില്ല. ഫെബ്രുവരിയിൽ ഗൾഫിലുണ്ടായ പ്രത്യേക സാഹചര്യങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്നത് യാഥാർത്ഥ്യമല്ല. മുൻപ് കൃത്യമായി ശമ്പളവും വൊക്കേഷൻ സമയത്ത് രണ്ടു മാസത്തെ ലീവ് സാലറിയും നൽകിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ മാസശമ്പളം പോലും പല ഗഡുക്കളായാണ് നൽകുന്നത്. ലീവ് സാലറിയുടെ കാര്യത്തിൽ ഇതുവരെ ഉറപ്പും നൽകിയിട്ടില്ല. എന്നാൽ ജനറൽ ബോഡിയിൽ ഭരണസമിതിയുടേതല്ലാത്ത മുഴുവൻ രക്ഷിതാക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതിന്റെ പ്രതിഫലനമായി ജൂൺ മാസത്തെ ശമ്പളം കൃത്യമായി നൽകിയതായി അറിയുന്നു. രക്ഷിതാക്കൾ കൃത്യമായി ഫീസടക്കണമെന്ന കാര്യത്തിൽ യു.പി.പിയും സ്കൂൾ മാനേജ്‌മെന്റിനൊപ്പമാണ്, എന്നാൽ വലിയ തുക കുടിശ്ശികയായി മാറിയത് ഭരണസമിതിയുടെ പിടിപ്പുകേടാണ്.

സ്‌കൂൾ കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും വേണ്ട രീതിയിലുള്ള സുരക്ഷ ഒരുക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഈ നിലയും സാഹചര്യവും തുടർന്നാൽ ഭാവിയിൽ ഇന്ത്യൻ സ്‌കൂൾ എന്ന സ്ഥാപനത്തിന്റെ തകർച്ചക്ക് തന്നെ ഇതൊക്കെ കാരണമായി തീരുമെന്നും യു.പി.പി നേതാക്കൾ മുന്നറിയിപ്പ് നൽകി.

വാർത്താസമ്മേളനത്തിൽ ഡോ. സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസൽ, അനീഷ് വർഗീസ്, ചന്ദ്രബോസ്, അബ്ബാസ് സേഠ്, മൻഷീർ, ചന്ദ്രൻ വളയം, ഷിബിൻ, ജൂഡി വർഗീസ് എന്നീ നേതാക്കൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!