small icons
small icons

യുവമനസ്സുകളിൽ ആത്മവിശ്വാസത്തിന്റെ പുതുവെളിച്ചം പകർന്ന് ബി.കെ.എസ് വനിതാ വേദിയുടെ ‘സ്ട്രൈഡ്’ പരിശീലനക്കളരി

New Project (50)

മനാമ: യുവതലമുറയ്ക്ക് മികച്ച ആശയവിനിമയ ശേഷിയും ശക്തമായ വ്യക്തിത്വവും കെട്ടിപ്പടുക്കാൻ വഴിയൊരുക്കി, ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സ്ട്രൈഡ്” (STRIDE) ആത്മവിശ്വാസ പരിശീലനക്കളരി ശ്രദ്ധേയമായി.

കുട്ടികളിലെ സഭാകമ്പം മാറ്റി നിർഭയത്വത്തോടെയും ആത്മവിശ്വാസത്തോടെയും സമൂഹത്തെ നേരിടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ക്യാമ്പ് സംഘടിപ്പിച്ചത്. സംസാരിക്കുക, വിശ്വസിക്കുക, ചിന്തിക്കുക, സംവദിക്കുക, ധീരത കാണിക്കുക, വികസിക്കുക എന്നീ ആശയങ്ങളെ മുൻനിർത്തി നടത്തിയ പരിശീലനത്തിന് പ്രമുഖ മാധ്യമപ്രവർത്തകയും ‘ദി വീക്ക് ഇൻ ബഹ്‌റൈൻ’ എഡിറ്റോറിയൽ ഡയറക്ടറുമായ രാജി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. ലളിതമായ പ്രായോഗിക പരിശീലനങ്ങളിലൂടെയും സജീവമായ സംവാദങ്ങളിലൂടെയും കുട്ടികളുമായി സംവദിച്ച അവർ, ആധുനിക ലോകത്ത് കമ്മ്യൂണിക്കേഷൻ സ്കില്ലുകളുടെ പ്രാധാന്യത്തെക്കുറിച്ചും സ്വന്തം കഴിവുകളിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി.

ബി.കെ.എസ് ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ വനിതാ വേദി ഭരണസമിതി അംഗങ്ങളായ വിജിന സന്തോഷ്, സൈറ പ്രമോദ്, ആതിര സുരേന്ദ്ര, സുവിത രാകേഷ്, ശൈത്യ റോഷ്‌ജിത്ത്, മിനി റോയ്, ഉമ ഉദയൻ, രജിത അനി തുടങ്ങിയവരും പങ്കെടുത്തു.

ആധുനിക കാലത്ത് ഡിജിറ്റൽ ലോകത്ത് ജീവിക്കുന്ന യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുള്ള സമ്പർക്കമില്ലായ്മയും ആത്മവിശ്വാസക്കുറവുമാണെന്നും, കേവലം പുസ്തക വിജ്ഞാനത്തിനപ്പുറം വ്യക്തിത്വത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം പ്രായോഗിക പരിശീലന കളരികൾ ഏറെ സഹായകമാകുമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അഭിപ്രായപ്പെട്ടു.

അൻപതോളം കുട്ടികളാണ് ആവേശത്തോടെ ഈ പരിശീലനക്കളരിയുടെ ഭാഗമായത്. കേവലമൊരു ക്ലാസ്സ് റൂം പഠനത്തിനപ്പുറം കുട്ടികളുടെ ആന്തരിക കരുത്ത്, ശബ്ദം പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം, വ്യക്തിത്വ സാന്നിധ്യം, പരസ്പര ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്തി, പുതിയ ചിന്തകളും വലിയ പ്രചോദനവും ഉൾക്കൊണ്ട്, കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ തങ്ങളെ പ്രാപ്തരാക്കിയ ക്യാമ്പ് കുട്ടികൾക്കും വേറിട്ടൊരു അനുഭവമായി മാറി. വരും നാളുകളിലും കുട്ടികളുടെ സർഗ്ഗാത്മക വികാസത്തിനായി സമാനമായ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വനിതാ വേദി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!