മനാമ: പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘ഖലീഫ’യുടെ വൻ വിജയത്തോടനുബന്ധിച്ച് പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ (PFA) ബഹ്‌റൈൻ സംഘടിപ്പിച്ച ഗംഭീര ഫാൻസ് ഷോ ശ്രദ്ധേയമായി. മുക്ത A2 സിനിമാസിൽ (Mukta A2 Cinemas) നടന്ന സ്പെഷ്യൽ സ്ക്രീനിംഗ് പാട്ടും നൃത്തവും വിവിധ വിനോദ പരിപാടികളുമായി ആരാധകർ അവിസ്മരണീയമായ ആഘോഷമാക്കി മാറ്റി.
ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രേക്ഷക പ്രതികരണത്തിൽ സംഘാടകരായ പി.എഫ്.എ ബഹ്‌റൈൻ കമ്മിറ്റി അംഗങ്ങളായ വൈശാഖ്, ബിബിൻ, നിയാസ്, സ്റ്റെഫി, ലിജീഷ് എന്നിവർ സന്തോഷം പങ്കുവെച്ചു. മലയാളത്തിന്റെ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും അവർ ആശംസകൾ അറിയിച്ചു.
ജോയ് മാമാസ്, വിവ ബെല്ല ഔറിയൻസ്, ഇ.ക്യു ഇന്റർനാഷണൽ എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ. മികച്ച രീതിയിൽ സൗകര്യങ്ങളൊരുക്കി നൽകിയ മുക്ത A2 സിനിമാസ് മാനേജ്‌മെന്റിനും സ്പോൺസർമാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ഫാൻസ് ഷോ കേവലമൊരു സിനിമാ പ്രദർശനം മാത്രമായിരുന്നില്ലെന്നും, സിനിമയും പ്രേക്ഷകരും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ മനോഹരമായ ആഘോഷമായിരുന്നുവെന്നും മുക്ത A2 സിനിമാസ് മാർക്കറ്റിംഗ് മാനേജർ ഗുലാം അഹമ്മദ്, വൈസ് പ്രസിഡന്റ് പ്രസാദ് എന്നിവർ പറഞ്ഞു.









