മനാമ: സൗദി അറേബ്യയിലെ സാധാരണക്കാർക്കും സാമ്പത്തിക-പ്രധാന കേന്ദ്രങ്ങൾക്കും നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരിക്കേറ്റ പുതിയ ആക്രമണങ്ങളെയും, ചെങ്കടലിലും ബാബ് അൽ മന്ദാബിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന നടപടികളെയും അപകടകരമായ നിയമലംഘനമായാണ് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും (പ്രത്യേകിച്ച് പ്രമേയം 2216, 2817) പരസ്യമായ ലംഘനമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷ ഗൾഫ് മേഖലയുടെ ഒന്നാകെയുള്ള സുരക്ഷയാണെന്ന് ചൂണ്ടിക്കാട്ടിയ ബഹ്‌റൈൻ, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരെയും സുരക്ഷിതമാക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്‌സിന്റെ ജാഗ്രതയെ ബഹ്‌റൈൻ പ്രശംസിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സൗഖ്യം ആശംസിക്കുകയും ചെയ്തു.
ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സ്വാലിഹ് അൽ സ്വാലിഹും കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. അന്താരാഷ്ട്ര കപ്പൽപ്പാതകളിലെ ഭീഷണികൾ തടയാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും യു.എൻ സുരക്ഷാ കൗൺസിലിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു.









