മനാമ: ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതോ രാജ്യത്ത് നടക്കാത്തതോ ആയ പരിപാടികളുടെ ടിക്കറ്റുകൾ സോഷ്യൽ മീഡിയ പേജുകൾ വഴി വില്പന ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ‘കലണ്ടർ ബഹ്റൈൻ’ മുന്നറിയിപ്പ് നൽകി.
പ്രശസ്ത അന്താരാഷ്ട്ര മ്യൂസിക് ബാൻഡായ ‘ബാക്ക്സ്ട്രീറ്റ് ബോയ്സ്’ ബഹ്റൈനിൽ എത്തുന്നുവെന്ന വ്യാജ പ്രചാരണത്തോടെ 25 ദിനാർ മുതൽ 150 ദിനാർ വരെ വിലയിൽ ചില പേജുകൾ ടിക്കറ്റുകൾ വിൽപ്പന നടത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഇതിനകം നിരവധി ആളുകൾ വഞ്ചിക്കപ്പെട്ട് ഈ ടിക്കറ്റുകൾ വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള സന്ദേശങ്ങളിലും പരസ്യങ്ങളിലും വഞ്ചിതരാകരുതെന്നും പരിപാടികളെക്കുറിച്ചുള്ള വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾക്ക് ഔദ്യോഗിക പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. ഔദ്യോഗിക കൺസേർട്ട് പ്രഖ്യാപനങ്ങൾ ഇൻസ്റ്റാഗ്രാമിലെ @beyon_aldana, @calendar.bahrain എന്നീ ഔദ്യോഗിക അക്കൗണ്ടുകൾ വഴി മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.









