മനാമ: ബഹ്‌റൈനിൽ തുടർച്ചയായി രണ്ടു വർഷമായി ജനറൽ അസംബ്ലി യോഗങ്ങൾ ചേരാത്ത സിവിൽ സൊസൈറ്റി സംഘടനകൾ (സാംസ്‌കാരിക/സാമൂഹിക സംഘടനകൾ) രണ്ടു ആഴ്ചയ്ക്കകം തങ്ങളുടെ നിയമപരമായ പദവി ക്രമീകരിക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് സിവിൽ സൊസൈറ്റി സംഘടനകൾക്കായി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അടിയന്തിരമായി ജനറൽ അസംബ്ലി യോഗങ്ങൾ വിളിച്ച് ചേർത്ത്, ആവശ്യമായ ഭരണപരവും നിയന്ത്രണപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട സംഘടനകളോട് മന്ത്രാലയം നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ വഴികാട്ടലുകൾക്കായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുമായി ഉടൻ തന്നെ ബന്ധപ്പെടാൻ ബോർഡ് അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ നിയമനടപടികൾ പൂർത്തിയാക്കി പദവി ക്രമീകരിക്കാത്ത സംഘടനകൾക്കെതിരെ സ്വയം പിരിച്ചുവിടൽ അടക്കമുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ സിവിൽ സൊസൈറ്റി മേഖലയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും സുസ്ഥിരവുമാക്കുന്നതിനായി നടത്തുന്ന മേൽനോട്ട പരിശോധനകളുടെ ഭാഗമായാണ് ഈ നടപടിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.









