മനാമ: പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയായ ‘പാക്ട്’ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ഓണാഘോഷ പരിപാടികൾക്കായി ബഹ്റൈനിൽ എത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ബഹ്റൈൻ പ്രതിനിധികൾ ചർച്ച നടത്തി.
യു.ഡി.എഫ് സംഘടനാ കൂട്ടായ്മകളുടെ സ്വീകരണ ചടങ്ങുകൾക്കിടയിലാണ് ഐ.ഒ.സി ഭാരവാഹികൾ ഡെപ്യൂട്ടി സ്പീക്കറെ സന്ദർശിച്ച് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയത്. ഗൾഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ്, പാസ്പോർട്ട് പുതുക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങി പ്രവാസി സമൂഹം നേരിടുന്ന പ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.
ചടങ്ങിൽ ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, ലേഡീസ് വിങ് ഭാരവാഹി ഇസ്രത്ത്, ഒ.ഐ.സി.സി ഭാരവാഹി സൽമാനുൽ ഫാരിസ്, ഐ.ഒ.സി കേരള വിങ് അംഗങ്ങളായ ഷമീർ പൊട്ടച്ചോല, റമീസ്, തസ്ലീം, ലിജോൺ മാത്യു തോമസ് എന്നിവർ പങ്കെടുത്തു.









