മനാമ: ലോക സ്താനാര്‍ബുദ ബോധവല്‍ക്കരണ ദിനം ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ബോധവത്ക്കരണ സെമിനാറും അവതരണങ്ങളും ഉണ്ടായി. ഹോസ്പിറ്റല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ‘ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നസ് ട്രീ – ലീഫ് സിഗ്നേച്ചര്‍ ആക്റ്റിവിറ്റി’ സംഘടിപ്പിച്ചു. പ്രതീക്ഷയുടെയും പിന്തുണയുടെയും സന്ദേശം നല്കി പങ്കെടുത്തവരും ജീവനക്കാരും മരത്തിന്റെ മാതൃകയില്‍ ഒപ്പുവെച്ചു.
ബോധവല്‍ക്കരണ സെമിനാറില്‍ ഷിഫ അല്‍ ജസീറയിലെ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അനീസ ബേബി നജീബ് മുഖ്യപ്രഭാഷണം നടത്തി. സ്തനാര്‍ബുദം ആഗോളതലത്തിലും പ്രാദേശികമായും വലിയൊരു ആരോഗ്യപ്രശ്നമായി തുടരുകയാണെന്ന് ഡോ. അനീസ ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ മാത്രം ആഴ്ചയില്‍ ശരാശരി 8 കേസുകള്‍ വീതം സ്ഥിരീകരിക്കുന്നുണ്ടെന്നും പ്രതിവര്‍ഷം ഇത് 400 ല്‍ അധികമാണെന്നും അവര്‍ വ്യക്തമാക്കി. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നതല്ല, മറിച്ച് രോഗ ലക്ഷണങ്ങള്‍ കണ്ടിട്ടും പ്രായം കുറവാണെന്ന ധാരണയോ കുടുംബത്തില്‍ കാന്‍സര്‍ പാരമ്പര്യമില്ലെന്ന വിചാരമോ കാരണം ഡോക്ടറെ കാണാന്‍ വൈകുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ 90 മുതല്‍ 95 ശതമാനം വരെ പൂര്‍ണ്ണമായി ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഭയത്തിന് പകരം ജാഗ്രത പുലര്‍ത്തണമെന്നും, മാസം തോറും 5 മിനിറ്റ് സ്വയം പരിശോധനയ്ക്കായി മാറ്റിവെക്കാനും കൃത്യമായ സ്ക്രീനിംഗ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അവര്‍ ആഹ്വാനം ചെയ്തു.
തുടര്‍ന്ന് സംസാരിച്ച കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. മുഹമ്മദ് ഇസ സ്വയം പരിശോധനയുടെയും സര്‍ജനെ സമീപിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കി. സ്തനാര്‍ബുദമോ മറ്റ് രോഗങ്ങളോ നേരത്തെ കണ്ടെത്തിയാല്‍ രോഗമുക്തി എളുപ്പമാക്കാന്‍ സാധിക്കുമെന്നും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സര്‍ജന്റെ സേവനം തേടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആരോഗ്യ സംരക്ഷണത്തില്‍ സ്ത്രീകള്‍ എപ്പോഴും മുന്‍ഗണന നല്‍കണമെന്ന് സെമിനാറില്‍ സംസാരിച്ച സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയംവദ ഓര്‍മ്മിപ്പിച്ചു. കുടുംബത്തിലെ എല്ലാവരെയും നോക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യം അവഗണിക്കരുതെന്നും, ആര്‍ത്തവത്തിന് ശേഷം സ്വയം പരിശോധന നടത്തി പുതിയ മുഴകള്‍, നിപ്പിളില്‍ നിന്നുള്ള സ്രവങ്ങള്‍, ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ എന്നിവ ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കി. അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ വേദനയോ രോഗം മൂര്ച്ഛിക്കുന്നതോ കാത്തുനില്‍ക്കാതെ ഡോക്ടറെ കാണണമെന്നും, അവരുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ സ്ക്രീനിംഗ് പരിശോധനകള്‍ നടത്തണമെന്നും ഡോ. പ്രിയംവദ കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് സെര്‍ച്ചുകളോ വ്യാജ ഉപദേശങ്ങളോ വഴിയുള്ള തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരാതെ വിദഗ്ദ്ധോപദേശം തേടണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
ചടങ്ങിന്റെ ഭാഗമായി ചോദ്യോത്തര പംക്തിയും നടന്നു. ഇതില്‍ വിജയികളായവര്‍ക്ക് ഹെഡ് ഓഫ് ഓപ്പറേഷന് ഡോ. ഷംനാദ് മജീദ്, സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. ബെറ്റി മറിയാമ്മ ബോബന്, ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍ തുടങ്ങിയവര്‍ സമ്മാനദാനം നടത്തി. ഡയറ്റീഷന്‍ ജിഷ ജോസ് അവതാരികയായി. സ്താനാര്‍ബുദം എങ്ങിനെ നേരത്തെ തിരിച്ചറിയാം എന്നതില്‍ അവര്‍ അവതരണം നടത്തി. സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റുമാരായ ഡോ. അലീമ, ഡോ. ആയിഷ, നഴ്സിംഗ്, അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സുല്ഫിന മുനീര്‍ നന്ദി പറഞ്ഞു. പരിപാടിക്ക് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വം നല്കി.









