മനാമ: ബഹ്‌റൈനിലെ ആദ്യ മലയാളി ടിക്ടോക് കൂട്ടായ്മയായ ബഹ്‌റൈൻ മല്ലു മ്യൂസേർസ് (bm2) സിസന്യ പൂൾ ഗാര്ഡൻ, അൽ ബുർഹാമായിൽ വച്ച് ‘ചിങ്ങപ്പുലരി-2019’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രായഭേദമന്യേ നൂറോളം വരുന്ന ഗ്രൂപ്പ് അംഗങ്ങൾ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തത് പരിപാടിയുടെ വിജയത്തിനു മാറ്റു കൂട്ടി.
അംഗങ്ങളെ അഞ്ചു വ്യത്യസ്ത ടീമുകൾ ആയി തിരിച്ച് വ്യത്യസ്തങ്ങളായ മൽസരങ്ങളിലൂടെയായിരുന്നു ആഘോഷ പരിപാടികൾ. ഓരോ ടീമുകളുടെയും പേരുകളിൽ തന്നെ പ്രത്യേകത വരുത്താൻ ശ്രമിച്ചിരുന്നു.
ആലഞ്ചേരി തമ്പ്രാക്കൾ, പോക്കിരി രാജാസ്, കെ ഡി ആൻഡ് കമ്പനി, തൊമ്മനും മക്കളും, ആനമുറ്റത്തെ ആങ്ങളമാർ എന്നിവയായിരുന്നു ടീമുകൾ. തനി നാടൻ രീതിയിലുള്ള മത്സരങ്ങളിൽ ഓരോ ടീമും ആവേശത്തോടും ആർജ്ജവത്തോടും കൂടി മത്സരിക്കുകയും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ‘തൊമ്മനും മക്കളും’ ടീം എവറോളിങ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ അംഗങ്ങൾ ഒരുത്തരുടേയും പങ്കാളിത്തവും ഒത്തൊരുമയും പ്രശംസാവഹമാണെന്നും പ്രവാസ ജീവിതത്തിനിടയിൽ നഷ്ടപെട്ട ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആയി മനസ്സിൽ എന്നും മായാതെ ഈ ഒരു ദിവസം bm2 അംഗങ്ങൾ സൂക്ഷിക്കും എന്നതിന് സംശയമില്ലെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
പ്രവാസത്തിനായി ബഹ്‌റൈനിലെത്തി വിവിധ മേഖലയിൽ ജോലി ചെയ്തു വന്നിരുന്ന ടിക് ടോക് കലാപ്രേമികളായ ചില ചെറുപ്പക്കാരുടെ ആശയത്തിൽ രൂപം കൊണ്ട ഈ സൗഹൃദയ കൂട്ടായ്മയുടെ പോയവർഷം നടത്താനിരുന്ന ആദ്യ ഓണാഘോഷ പരിപാടികൾ പ്രളയം മൂലം മാറ്റി വയ്ക്കുകയും അതിനുവേണ്ടി ശേഖരിച്ചിരുന്ന തുക പ്രളയ ബാധിതർക്കായി സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
ചുരുങ്ങിയ കാലയളവിൽ ബഹ്‌റൈനിലെ കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ച bm2 കുടുംബത്തിലേക്ക് അംഗമാകാൻ താല്പര്യമുള്ള ബഹ്‌റൈനിലെ മലയാളി ടിക്ടോക് കലാകാരന്മാർക്ക് +91907272538, +919746049693 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിലേക്ക് അവരുടെ പ്രൊഫൈൽ ലിങ്ക് അയച്ചു കൊടുക്കാവുന്നതാണ്.
Bahrain mallu musers on Tik-Tok: http://vm.tiktok.com/5Y2EQF/