ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ദിശ സെൻററിൽ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു

മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിലെ മലയാളം മിഷന്റെ അംഗീകാരത്തോടെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററിൽ നടത്തുന്ന മലയാളം പാഠശാലയുടെ പ്രവേശനോത്സവം കവയിത്രി സ്വപ്ന വിനോദ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയോട് അവഗണന കാണിക്കുകയും ഇംഗ്ലീഷിനോട് ഏറെ താൽപര്യം കാണിക്കുകയും ചെയ്‌തിരുന്ന തന്റെ കുട്ടിക്കാലത്തിൽ നിന്നും വ്യത്യസ്‌തമായി ഇന്ന് മലയാളഭാഷ തിരിച്ചു പിടിക്കാൻ കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏറെ സന്തോഷം നൽകുന്നതാണെന്ന് അവർ പറഞ്ഞു. ദിശ സെന്ററിൽ നടത്തുന്ന മലയാളം പാഠശാല കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.

നിലവിൽ മലയാളം പാഠശാല നടത്തുന്ന നാല് ഇനങ്ങളിൽ പ്രാഥമിക ഇനമായ കണിക്കൊന്ന 6 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് ചേരാവുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണ് . രണ്ട് വർഷത്തെ ഡിപ്ലോമയായ സൂര്യകാന്തി, മൂന്ന് വർഷത്തെ ഹയർ ഡിപ്ലോമയായ ആമ്പൽ, മൂന്നു വർഷത്തെ സീനിയർ ഹയർ ഡിപ്ലോമ നീലക്കുറിഞ്ഞി എന്നിവയാണ് തുടർന്ന് വരുന്ന കോഴ്‌സുകൾ. ഇവ നാലും ക്രമപ്രകാരം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്
പത്താം ക്ലാസിന് തത്തുല്യമായ നിലവാരത്തിൽ ഏതാണ് കഴിയുമെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.

വെസ്‌റ്റ് റിഫ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തിൽ മലയാളം പഠശാല വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹമദ് റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ദിശ സെന്റർ ഡയറക്റ്റർ അബ്‌ദുൽഹഖ് സ്വാഗതവും യൂനുസ് രാജ് നന്ദിയും പറഞ്ഞു.