മനാമ: കൈ കഴുകല്‍ ശീലമാക്കാന്‍ പുതുലയമുറയെ പ്രചോദിപ്പിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ആഗോള കൈ കഴുകല്‍ ദിനം (Global Handwashing Day) ആചരിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം വളര്‍ത്തിയെടുക്കാനായി ഇബ്‌നു ഹൈതം ഇസ്ലാമിക് സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ജനങ്ങളില്‍ നല്ല കൈകഴുകല്‍ ശീലം വളര്‍ത്താനായി ലോകമെമ്പാടുമായി ഒക്ടോബര്‍ 15നാണ് കൈ കഴുകല്‍ ദിനമായി ആചരിക്കുന്നത്. 2008ലാണ് ഇത് ആദ്യമായി തുടങ്ങുന്നത്. ‘എല്ലാവര്‍ക്കും വൃത്തിയുള്ള കൈകള്‍’ എന്ന പ്രമേയത്തിലായിരുന്നു ഈവര്‍ഷത്തെ ദിനാചരണം. ആരോഗ്യത്തിന്റെ ഒന്നാം പാഠമാണ് കൈ കഴുകല്‍. അതു ലോകത്തെ മുഴുവന്‍ ജനങ്ങളെയും പ്രത്യേകിചും വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തുകയും ആരോഗ്യ സംരക്ഷണത്തിന് വഴി കാട്ടലുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
കുട്ടികളില്‍ ആവേശവും ആഹ്ലാദവും ജനിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടി.
കുട്ടികളെ ആദ്യമായി പഠിപ്പിക്കേണ്ട ശുചിത്വ ശീലങ്ങളിലൊന്നാണ് കൈ കഴുകല്‍. ഭക്ഷണത്തിന് മുന്‍പും പിന്‍പും കൈ കഴുകുക, സ്‌കൂള്‍ വിട്ട് വന്ന ശേഷം, ടോയ്‌ലറ്റില്‍ പോയ ശേഷം കൈ കഴുകുക, കളിപ്പാട്ടങ്ങള്‍ തൊട്ട ശേഷം കൈ കഴുകുക തുടങ്ങിയവ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പരിപാടി അടിവരയിട്ടു. ലോക ആരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത ആറു ഘട്ടങ്ങളിലുള്ള കൈ കഴുകലിനെകുറിച്ച് ഷിഫ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ഇന്‍ ചാര്‍ജ് സിസറ്റര്‍ മായ വിശദീകരിച്ചു.
‘നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ്’ എന്നും വൃത്തിയുള്ള കൈകള്‍ക്ക് നമ്മേ ആരോഗ്യകരമായി നിലനിര്‍ത്താനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും എങ്ങനെ കഴിയുമെന്നും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് കൈ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്വിസ് മത്സരം നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങളും സൗജന്യ വൗച്ചറുകളും വിതരണം ചെയ്തു.
ഷിഫ ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍ മുനവര്‍ ഫൈറൂസ്, നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍, റെനീഷ്, ഇബ്‌നു ഹൈതം സ്‌കൂള്‍ അധ്യപികമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പേഷ്യന്റ് റിലേഷന്‍ മാനേജര്‍ റഹ്മത്ത് അബ്ദുല്‍ റഹിമാന്‍ അവതാരികയായി.