മനാമ: കേരളത്തിന് പുറത്തുള്ള വിദേശ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ ബഹ്റൈൻ കേരളീയ സമാജം 2019- 2021 വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15ന് നടത്തപ്പെടുമെന്ന വാർത്ത പുറത്തുവന്നതോടെ മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് ബഹ്റൈൻ മലയാളികൾ. മെംബേഴ്സ് നൈറ്റ് ഒഴികെയുള്ള മറ്റെല്ലാ ആഘോഷ അനുബന്ധ പരിപാടികളിലും ബഹ്റൈനിലെ മലയാളി സമൂഹത്തിനാകെ പങ്കു ചേരാമെങ്കിലും വോട്ടവകാശവും സ്ഥാനാർഥിത്വവും മെംബേഴ്സിന് മാത്രമായാണുള്ളത്. നിലവിലെ ഭരണകക്ഷിയായ യുണൈറ്റഡ് പാനലും മുഖ്യ പ്രതിപക്ഷമായ പ്രോഗ്രസീവ് പാനലും തമ്മിൽ തന്നെയാകും ഇത്തവണയും പ്രധാന പോരാട്ടം. നിലവിലെ സമാജം പ്രസിഡന്റും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ പി വി രാധാകൃഷ്ണപിള്ള നയിക്കുന്ന യുണൈറ്റഡ് പാനൽ ഇതിനോടകം തന്നെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ശക്തരായ സ്ഥാനാർഥികളെ അണി നിരത്തി പാനൽ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പി വി രാധാകൃഷ്ണപിള്ളക്കൊപ്പം ‘വർഗീസ് കാരക്കൽ’ ആണ് ഇത്തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് യുണൈറ്റഡ് പാനലിന്റെ മുൻ നിരയിൽ പോരാട്ടത്തിനായി നിലയുറപ്പിച്ചിരിക്കുന്നത്. മുൻ ഭരണ സമിതിയുടെ പ്രവർത്തന വിജയങ്ങളും മികവുകളും മുൻനിർത്തി തുടർച്ചക്കായ് ഒരു വോട്ട് എന്നതാവും യുണൈറ്റഡ് പാനൽ ഉയർത്തുന്ന മുദ്രാവാാക്യം.
മുഖ്യ പ്രതിപക്ഷ കക്ഷിയായ പ്രോഗ്രസീവ് പാനൽ ശക്തമായ നിലപാടുകളുമായി തന്നെ യുണൈറ്റഡ് പാനലിനെതിരെ ഇത്തവണയും മത്സര രംഗത്തുണ്ടാകുമെന്നാണ് നിലവിലെ സ്ഥിതി വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 31 ന് മുൻപായി തന്നെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് പ്രോഗ്രസീവ് പാനലിന് വേണ്ടി ചെയർമാൻ ജനാർദ്ദനൻ ബഹ്റൈൻ വാർത്തയോട് പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും വിവിധ സംഘടനകൾ ഇത്തവണ തങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, വിജയം മാത്രം മുന്നിൽ കണ്ട് ശക്തമായ മത്സരം തന്നെ കാഴ്ച വെക്കാൻ തങ്ങൾക്കാവും വിധമാകും സ്ഥാനാർഥി പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.