ഐസിഎഫ് ബഹ്റൈൻ ‘സാന്ത്വനം’ സംഗമം സംഘടിപ്പിച്ചു

മനാമ: ഐ സി എഫിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ സി സിയുടെ സമീപത്തായി നിർമ്മിക്കപ്പെട്ട സാന്ത്വന ഭവനത്തെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ ഐ സി എഫ് ക്ഷേമ കാര്യ സമിതിയുടെ നേതൃത്വത്തിൽ സാന്ത്വനം സംഗമം സംഘടിപ്പിച്ചു. ആർ സി സിയിലും പരിസരങ്ങളിലുമെത്തുന്ന രോഗികൾക്ക് അന്തിയുറങ്ങാനും ഭക്ഷണത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് സാന്ത്വന ഭവനത്തിലുള്ളത്. ഒരേ സമയം 300 രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസിക്കാനും ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനുമുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷേമകാര്യ പ്രസിഡന്റ് പി എം സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ സയാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എംസി അബ്ദുൽ കരീം ഉത്ഘാടനം നിർവഹിച്ചു. ഹ്രസ്സ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ യുവ പ്രഭാഷകൻ നൗഫൽ സഖാഫി കളസ പ്രസ്ഥാനത്തിന് കീഴിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സദസ്സുമായി പങ്കു വെച്ചു. തുടർന്ന് സാന്ത്വന കേന്ദ്രത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ ടി സലീം, പത്ര പ്രവർത്തകരായ രാജീവ്‌ വെള്ളിക്കോത്ത്, ഷമീർ മുഹമ്മദ് എന്നിവർ പരിപാടിയിൽ ആശംസ നേർന്നു സംസാരിച്ചു. ഷമീർ പന്നൂർ സ്വാഗതവും അഷ്‌റഫ്‌ ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.