പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക് പ്രവാസി മലയാളികളുടെ സ്വീകരണവും 87 മത് ശിവഗിരി തീർഥാടന വിളംബര സമ്മേളനവും ബഹ്റൈൻ കേരളീയ സമാജത്തിൽ

മനാമ: രാജ്യം പത്മശ്രീ നൽകി ആദരിച്ച ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ സ്വാമികൾക്ക് സ്വീകരണവും 87 മത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും നവംബർ 21, വ്യാഴം വൈകിട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. സ്വീകരണ പരിപാടിയിൽ വിശിഷ്ട  അതിഥികളായി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കുമ്മനം രാജ ശേഖരൻ, ഡോ: സമ്പത്ത്, ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികള്‍ (ശിവഗിരി മഠം ജനറല്‍സെക്രട്ടറി), ബ്രഹ്മശ്രീ ശിവസ്വരൂപാനന്ദ (സെക്രട്ടറി ആലുവ അദ്വൈതാശ്രമം), ബ്രഹ്മശ്രീ വിശാലാനന്ദ (ശിവഗിരി തീര്‍ഥാടനകമ്മിറ്റി സെക്രട്ടറി), ശ്രീ സന്തോഷ്‌ വണ്ടന്നൂര്‍ (ശിവഗിരി തീര്‍ഥാടനകമ്മിറ്റി കോര്‍ഡിനേട്ടര്‍) തുടങ്ങിയവരും പങ്കെടുക്കും. തുടർന്ന് പ്രമുഖ സിനിമതാരവും നർത്തകിയുമായ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.

മലയാളി ജനതയുടെ കുലഗുരുവും ആത്മീയാചാര്യനുമായ ശ്രീനാരാണയാണ ഗുരുവിന്റെ ധൈഷണികവും ആത്മീയവും സാമൂഹികവുമായ ഇടപെടലുകളാണ് കേരളത്തെ  അനാചാരത്തിന്റെയും ജാതീയഉച്ച നീചത്വങ്ങളിൽ നിന്നും ഇന്ന് കാണുന്ന വിധം ഭേദപ്പെട്ട പുരോഗമനകാരിയായ കേരളത്തെ നിർമ്മിച്ചത്. കേരളീയ നവോത്ഥാന ചരിത്രത്തിൽ ഗുരു കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്ത വിധം തിളങ്ങി നിൽക്കുകയാണ്. ഗുരുവിന്റെ ചിന്തയും ദർശനങ്ങളും കേരളീയ സമൂഹത്തെ  മത നിരപേക്ഷ മുല്യങ്ങളിലേക്കും മനുഷ്യ കേന്ദ്രികൃത ആത്മീയ മുല്യങ്ങളിലേക്കും നയിച്ചു.

വർക്കലയിൽശിവഗിരി കുന്നിൽ  ഗുരുദേവൻ സ്ഥാപിച്ച ആത്മീയ തീർത്ഥാടന കേന്ദ്രമാണ് ശിവഗിരി മഠം, കേവലമൊരു പര്ണശാലയായി ആരംഭിച്ച ശിവഗിരി മഠം ആത്മീയ ദര്ശ്നങ്ങളുടെ സ്രോതസ്സായി മാറുകയും പിന്നീട് ശ്രീ നാരായണ ഗുരുവിന്റെ ഭൗതിക ശരീരം ഏറ്റു വാങ്ങിയ ഗുരുദേവ സമാധിയായി മാറുകയും ചെയ്തു . ഇപ്പോൾ ശിവഗിരി തീർത്ഥാടനം കേരളത്തിൽ നടക്കുന്ന ഏറ്റവും പ്രധാനമായ തീർത്ഥാടനമായി മാറിക്കഴിഞ്ഞു . ലക്ഷകണക്കിന് മനുഷ്യരുടെ ആത്മീയ അഭിവൃദ്ധിയുടെ അഭയ സ്ഥാനമായി മാറിയ ശിവഗിരി മഠത്തിന്റെ പ്രസിഡന്റ് ശ്രീ സ്വാമി വിശുദ്ധാനന്ദക്കു പദ്മ ശ്രീ പുരസ്ക്കാരം നൽകി കൊണ്ട് ഇന്ത്യൻ സർക്കാർ ആദരിച്ചു. ശിവഗിരി മഠത്തിന്റെ മൂല്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യാതെ തന്നെ മഠത്തെ ആത്മീയമായും ഭൗതികമായും പുരോഗതിയിലേക്കു നയിച്ച സേവനങ്ങളാണ് സ്വാമി വിശുദ്ധാനന്ദക്കു ഇന്ത്യയിലെ ഏറ്റവും പ്രധനമായ പത്മശ്രീ പുരസ്‌ക്കാരത്തിന് പ്രാപ്തമാക്കിയത് , പദ്മശ്രീ  പുരസ്ക്കാരം വ്യക്തിപരമായല്ല മഠത്തിനു ലഭിച്ചതായിട്ടാണ് കരുതുന്നത് എന്നാണ്  ശ്രീ സ്വാമി വിശുദ്ധാനന്ദ പുരസ്‌ക്കാര വേളയിൽ പ്രതികരിച്ചത്.

ഇത്തരമൊരു സാഹചര്യത്തിലാണ് ബഹ്‌റൈൻ കേരളീയ സമാജം മുഴുവൻ പ്രവാസി മലയാളികളെയും പ്രതിനിധികരിച്ചു ഒരു പൊതു സ്വീകരണം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

നവംബർ 21 വ്യാഴം രാത്രി 7.30 ന് തന്നെ സ്വീകരണ യോഗം ആരംഭിക്കുമെന്നും ശ്രീ കെ ജി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ കീഴിലാണ് പരിപാടികൾ എകോപിപ്പിക്കുന്നതെന്നും ബികെഎസ്  പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എം പി രഘുവും അറിയിച്ചു.