മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ഉറുദു വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 21വ്യാഴാഴ്ച ഈസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഉറുദു ദിനം ആഘോഷിച്ചു. മുഖ്യാതിഥിയായി എസ്.എം. ഹുസൈനിയും (സി.ഇ.ഒ അൽമോയദ് കമ്പ്യൂട്ടർ മിഡിൽ ഈസ്റ്റ് ), വിശിഷ്ടാതിഥിയായി മുഹമ്മദ് റഫീഖ് അകോൽവിയും (ഗൾഫ് എയർ കാർഗോയുടെ ജി.എസ്.എ മാനേജർ, കെ.എസ്.എ) പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയാസ് ഉല്ലാ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ എന്നിവരും മറ്റു അധ്യാപകരും വിദ്യാർത്ഥികളും തദവസരത്തിൽ സന്നിഹിതരായിരുന്നു.
ഉർദു “സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷ” ആണെന്ന് ഉർദു പണ്ഡിതരുടെ സംഭാവനയെ പരാമർശിക്കവെ മുഖ്യാതിഥി എസ് എം ഹുസൈനി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഉറുദുവിന്റെ പ്രാധാന്യവും അദ്ദേഹം ഉയർത്തിക്കാട്ടി, ഉറുദു ഭാഷ പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഉറുദു ദിനം ഗംഭീരമായി സംഘടിപ്പിച്ച ഇന്ത്യൻ സ്‌കൂൾ ഉറുദു വകുപ്പിനെയും മാനേജ്‌മെന്റിനെയും എസ് എം ഹുസൈനി അഭിനന്ദിച്ചു.
വിശിഷ്ടാതിഥി മുഹമ്മദ് റഫീക്ക് അകോൽവി തന്റെ പ്രസംഗത്തിൽ സമ്മാന ജേതാക്കളെയും സ്കൂളിനെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു .
നേരത്തെ സ്കൂൾ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. തുടർന്ന് ബഹ്‌റൈനിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. വകുപ്പ് മേധാവി ബാബൂ ഖാൻ സ്വാഗതം പറഞ്ഞു. പ്രശസ്ത ഉറുദു കവികളായ ബ്രിജ് നാരായൺ ചക്ബാസ്ത്, ജിഗാർ മൊറാദാബാദി എന്നിവർക്കാണ് ഉർദു ദിനം സമർപ്പിച്ചത്. ഈ കവികളുടെ ആമുഖം ഉറുദു അധ്യാപിക മഹനാസ് ഖാൻ നിർവഹിച്ചു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളുള്ള വാരാന്ത്യ ആഘോഷങ്ങളുടെ ഗ്രാൻഡ് ഫൈനലായിരുന്നു ഇത്. ഉറുദു കവിത പാരായണം, കഥപറച്ചിൽ, പോസ്റ്റർ നിർമ്മാണം, ഉറുദു ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.
മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനം, ദേശീയ ഗാനം, കവാലി തുടങ്ങിയ വിവിധ പരിപാടികളും പ്രധാന ആകർഷണമായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷീദ് ആലം മുഖ്യാതിഥികളെ പരിചയപ്പെടുത്തി ആശംസകൾ നേർന്നു. വിജയികൾക്ക് മുഖ്യാതിഥി ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല നന്ദി പറഞ്ഞു.