മുസ്ലിംലീഗിന്റെ രാഷ്ട്രീയ സമ്പന്നതയിൽ ഇന്ത്യൻ മുസ്ലിംകൾക്ക് പ്രതീക്ഷ: സി.കെ. സുബൈർ

IMG-20191126-WA0038

മനാമ: കേരള മുസ്ലിംകളുടെ രാഷ്ട്രീയ സമ്പന്നത ഏറെ പ്രതീക്ഷകളോടെയൊണ് കേരളത്തിന് പുറത്തുള്ള മുസ്ലിം സമൂഹം നോക്കി കാണുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലീം ലീഗിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വേണ്ടിയുള്ള നിരന്തര യാത്രാനുഭവങ്ങളുടെ വെളിച്ചത്തിലാണ് തനിക്കിത് ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ സി.കെ. സുബൈർ മനാമയിൽ ജില്ലാ ഏരിയ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ടു കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ഒരുക്കിയ “ഗമനം” പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

കേരളത്തിലെ മുസ്ലികളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന ധാരാളം വൻ വ്യവസായികളും പണക്കാരും അഹമ്മദാബാദ് ഉൾപ്പെടെ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധിയുണ്ട്. നൂറ്റാണ്ടുകൾ ഇന്ത്യയിൽ അധികാരത്തിലിരുന്ന മുഗൾ ചക്രവർത്തിമാരുടെയും മുസ്ലിം ഭരണാധികാരികളുടെയും ബാക്കി പത്രമായി വലിയ പള്ളികളും കെട്ടിട സമുച്ചയങ്ങളും അവിടങ്ങളിൽ കാണാൻ കഴിയും. എന്നാൽ ജീവിത നിലവാരത്തിൽ സച്ചാർ റിപ്പോർട്ട് സൂചിപ്പിച്ചത് പോലെ ദളിതരുടെയും ആദിവാസികളുടെയും അവസ്ഥക്ക് സമാനമായോ ചിലയിടങ്ങളിൽ അതിനും താഴെയോ ആണ്. ഇലക്ട്രിക്ക് പോസ്റ്റുകൾ അവസാനിക്കുന്നിടത്തു നിന്നും, താറിട്ട  റോഡുകൾ അവസാനിക്കുന്നിടത്തു നിന്നും ജീവിതം ആരംഭിക്കുന്ന ഒരു സമൂഹമായി അവിടങ്ങളിലെ മുസ്ലിംകൾ മാറിപ്പോയത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്.
ഈ ഉത്തരം തേടിയുള്ള ഉത്തരേന്ത്യൻ യാത്രകളിൽ നിന്നാണ് രാഷ്ട്രീയമായ അസ്തിത്വ ത്തിന്റെ അഭാവം തിരിച്ചറിയപ്പെടുന്നതെന്നു സുബൈർ വിശദീകരിച്ചു.

ആൾകൂട്ട കൊലപാതകങ്ങളിൽ വിറങ്ങലിച്ചു പോവുന്ന ഒരു സമുദായത്തെ ചേർത്തു പിടിക്കാനുള്ള വലിയ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കണം. ഇത്തരം ക്രൂര കൃത്യങ്ങൾക് നേതൃത്വം കൊടുക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു ശിക്ഷ വാങ്ങിച്ചു കൊടുക്കുമ്പോൾ മാത്രമേ ഇരകൾക്ക് നീതി ലഭ്യമാവൂ. ഫാഷിസ്റ്റ് കാലത്തെ ഇന്ത്യയിൽ ഇതത്ര എളുപ്പമല്ല.

നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും അധികാരത്തിന്റെ സർവ ഗർവ്വും ഉപയോഗിക്കുന്നവർക്ക് മുമ്പിൽ വോട്ടിന്റ മഹാ സാധ്യതകളെ കുറിച്ച് നിരന്തരം ബോധ്യപ്പെടുത്തുന്ന പ്രവർത്ഥനങ്ങളിലാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും  സുബൈർ പറഞ്ഞു.

കേരളത്തിൽ നിന്ന് തങ്ങളെ കാണാനും സംസാരിക്കാനും എത്തുന്നവരെ വളരെ പ്രതീക്ഷയോടെയാണ് ഉത്തരേന്ത്യൻ മുസ്ലിംകൾ  നോക്കിക്കാണുന്നത്. തങ്ങളുടെ അവസ്ഥയെയും  മാറ്റി പണിയണമെന്നും അന്തസ്സാർന്ന ജീവിത ചുറ്റുപാടിലേക്കു തങ്ങൾക്കും എത്തിച്ചേരണമെന്നും അവർ ആഗ്രഹിക്കുന്നു. ഈ വഴിയിൽ കേരള മുസ്ലിംകളുടെ രാഷ്ട്രീയ സമ്പന്നത തങ്ങൾക്ക് വെളിച്ചമാവുമെന്നും അവർ വിശ്വസിക്കുന്നു. അത്കൊണ്ട് തന്നെ ഇവ്വിഷയകമായി യൂത്ത്‌ ലീഗിന് ഒരുപാട്‌ സഞ്ചരിക്കേണ്ടതുണ്ടെന്നും കൂടെയുണ്ടാവണമെന്നും സുബൈർ അഭ്യർത്ഥിച്ചു.

കെഎംസിസി പ്രസിഡന്റ് എസ്.വി. ജലീലിന്റെ അധ്യക്ഷത യിൽ നടന്ന ഗമനം പ്രോഗ്രാം കൊയിലാണ്ടി മണ്ഡലം ലീഗ്‌ ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി ഉൽഘാടനം ചെയ്തു. സി.കെ അബ്ദുറഹ്മാൻ, കുട്ടൂസ മുണ്ടേരി, ഷംസുദ്ദീൻ വെള്ളികുളങ്ങര, കെ.കെ.സി മുനീർ, വി.വി.എ. റഷീദ്‌ ആശംസകൾ നേർന്നു. അസൈനാർ കളത്തിങ്കൽ സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ ടി.പി. മുഹമ്മദലി,പി.വി. സിദ്ദീഖ്, ഗഫൂർ കൈപ്പമംഗലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!