മനാമ: ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിസ്തുലമായ പങ്ക് വഹിക്കാനാകുമെന്ന് ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിച്ച ‘മാധ്യമ വിചാരം’ സംവാദം അഭിപ്രായപ്പെട്ടു. ഡിസംബർ 20ന് നടക്കുന്ന പ്രതിഭ ഇരുപത്തി ഏഴാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായായിരുന്നു മാധ്യമ സംവാദം സംഘടിപ്പിച്ചത്.
ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങള്‍ക്കുണ്ടായ അപചയമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് മാധ്യമങ്ങളിലൂടെയാണ്. ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും സംവാദം ചൂണ്ടിക്കാട്ടി.
പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത സംവാദം ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക്, ഫാസിസ്റ്റ് കാലത്തെ മാധ്യമങ്ങള്‍, പോസ്റ്റ് ട്രൂത്ത്, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍, നവ മാധ്യമങ്ങളുടെ ഇടപെടല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വാർത്തകളുടെ യാഥാർത്ഥ്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വാർത്താ മാധ്യമങ്ങൾ വീഴ്ച വരുത്തുന്നുണ്ട്. എന്നാൽ ആ വീഴ്ചകളെ അതിജീവിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് കഴിയുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലും അസത്യങ്ങൾ പ്രചരിക്കുന്നുണ്ട് എന്നതും മറ്റൊരു വെല്ലു വിളിയാണെന്ന് ഷമീര്‍ (ഗള്‍ഫ് മാധ്യമം) ചൂണ്ടിക്കാട്ടി. അഴിമതിയുള്‍പ്പെടെ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന പലതും ജനങ്ങള്‍ക്കുമുന്‍പില്‍ എത്തിച്ച് ചര്‍ച്ചയാക്കുന്നത് മാധ്യമങ്ങളാണ്. സ്‌കൂളില്‍ പാമ്പ് കടയിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കേരളത്തിന്റെ മൊത്തം വിദ്യാഭ്യാസ മേഖല മോശമാണെന്ന തരത്തില്‍ ചിത്രീകരിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തോട് യോജിപ്പില്ലെന്നും ഷെമീര്‍ ചൂണ്ടിക്കാട്ടി.
തീവ്രവലതു പക്ഷം അധികാരത്തിലേറിയ രാജ്യങ്ങളിലൊക്കെ മാധ്യമങ്ങളെ വിലക്ക് വാങ്ങി തങ്ങളുടെ ചൊല്‍പിടിക്ക് നിര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന് കെ ടി നൗഷാദ് (ഏഷ്യാനെറ്റ് വെബ്) അഭിപ്രായപ്പെട്ടു. ജനാധിപത്യം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനാകൂ. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിലച്ചാല്‍ ഏകാധിപത്യവും സ്വേച്ഛാധിപത്യവുമാണ് അവശേഷിക്കുകയെന്നും സ്വതന്ത്ര ജുഡീഷറിയും മാധ്യമ പ്രവര്‍ത്തനവും ഇന്ത്യയില്‍ ഭീഷണി നേരിടുന്നു എന്നത് ആശങ്കാജനകമാണെന്നും നൗഷാദ് പറഞ്ഞു.
സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളാണ് ഓരോ പത്രപ്രവര്‍ത്തകനെന്നും സമുഹത്തിലെ മൂല്യച്യുതി അവനെയും ബാധിക്കുന്നതായും പ്രദീപ് പുറവങ്കര (ഡെയ്‌ലി ട്രിബ്യൂണ്‍) പറഞ്ഞു. പരസ്യ വരുമാനം ഇല്ലാതെ മാധ്യമങ്ങള്‍ക്ക് നില നില്‍ക്കാനാകില്ല. പ്രിന്റ് മീഡിയയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാധ്യമ മേഖലയെ കീഴടക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും പ്രദീപ് പുറവങ്കര പറഞ്ഞു.
കുത്തക മാധ്യമങ്ങള്‍ മൂടിവെക്കുന്നതും തമസ്‌കരിക്കുന്നതുമായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ജനങ്ങളിലെത്തിക്കാനാകുന്നുവെന്ന് മുഹമ്മദ് ഷാഫി (ബഹ്‌റൈന്‍ വാര്‍ത്ത) അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷ് വധമുള്‍പ്പെടെ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയായണ് ശക്തമായി നിലകൊണ്ടത്. എല്ലാവര്‍ക്കും അവരുടേതായ ജനാധിപത്യ ഇടം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലുള്ളതിനാല്‍ തന്നെ സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാകുന്നുവെന്നും ഷാഫി ചൂണ്ടിക്കാട്ടി.
പോസ്റ്റ് ട്രൂത്ത് അല്ലെങ്കില്‍ സത്യാനന്തര കാലത്ത് ഭരിക്കുന്ന പാര്‍ട്ടിതന്നെ വ്യാജ വാര്‍ത്തകളുടെ നിര്‍മ്മാതാവും പ്രചാരകരുമായി മാറുന്ന അപകടകരമായ അവസ്ഥയാണ് ഇന്ത്യയിലെന്ന് അനസ് യാസിന്‍ (ദേശാഭിമാനി) അഭിപ്രായപ്പെട്ടു. അധികാര രൂപമാര്‍ജ്ജിച്ച കോര്‍പ്പറേറ്റ് മൂലധന ശക്തികളും മുഖ്യധാര മാധ്യമങ്ങളും നിശബ്ദ ഗൂഡാലോചനയിലാണ്. ജനാധിപത്യ കാലത്തെ ഹൈജാക്ക് ചെയ്യുന്ന ഫാസിസ്റ്റ് അനുകൂല ഭരണകൂടങ്ങള്‍ നുണകളെയും നുണകളിലൂടെ അപരത്വത്തെയും വ്യാജ സമ്മതിയെയും നിര്‍മ്മിക്കാന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ മുതലെടുക്കുകയാണെന്നും ഇത് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണമണി മുഴക്കുകയാണെന്നും അനസ് പറഞ്ഞു.
ജനങ്ങളുടെ ബോധത്തെ അട്ടിമറിക്കുന്ന കള്ളങ്ങള്‍ നിരത്താന്‍ മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ പത്രങ്ങള്‍ പാലിക്കുന്ന മൗനം അപകടകരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആശങ്കപ്പെട്ടു. പത്രപ്രവര്‍ത്തനത്തില്‍ പ്രതിബദ്ധത വസ്തുതകളോടാണ് വേണ്ടത്. എന്നാല്‍ അതല്ല ഉണ്ടാകുന്നത്. ആര്?, എന്ത്? എപ്പോള്‍? എവിടെ?, എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലാണ് പത്രപ്രവര്‍ത്തനം. കടക്കു പുറത്ത് എന്ന് ഒരു മുഖ്യമന്ത്രി പറയുമ്പോള്‍ അത് പറയാന്‍ ഇടയാക്കിയ സാഹചര്യം മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും മൂടിവെക്കുകയാണ്. ജുഡിഷ്യറിയില്‍ നടക്കുന്ന നിയമ പാപ്പരീകരണത്തിനെതിരെ എന്തു കൊണ്ട് സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ എതിര്‍ ശബ്ദം ഉയര്‍ത്തുന്നില്ലെന്നും ചര്‍ച്ചയില്‍ പ്രേക്ഷകര്‍ ചോദ്യം ഉന്നയിച്ചു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മലയാള മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണെന്നും വാര്‍ത്തകളില്‍ പക്ഷം പിടിക്കുകയാണെന്നും പരാതി ഉയര്‍ന്നു. മാധ്യമങ്ങളുടെ പക്ഷം എന്നത് നീതിയുടെ പക്ഷമാണെന്നും നീതി നിഷേധിക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു.
ലോക കേരള സഭാ അംഗം സിവി നാരായണന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രദ്പ് പതേരി, അനിൽ കണ്ണപുരം, അനഘ രാജീവൻ, ബിന്ദു റാം, സജീവൻ, സതീശൻ റിഫ, സലീം തളിക്കുളം തുടങ്ങി നിരവധിപേർ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിഭ പ്രസിഡന്റ് കെഎം മഹേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ശ്രീജിത്ത് ജനറല്‍ സെക്രട്ടറി ഷെരീഫ് കോഴിക്കോട് എന്നിവർ ആമുഖം നൽകി. സാംസ്ക്കാരിക വേദി കൺവീനർ എ.വി അശോകൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.