മനാമ: തനിക്കും തന്റെ കുടുബത്തിനും വേണ്ടി മാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും വേണ്ടി ജീവിതം ഉരുകിത്തീർക്കുന്ന, രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസിയുടെ ജീവിതം പ്രവാസത്തിൽ തന്നെ അവസാനിക്കുമ്പോൾ ആ മൃതദേഹം പൂർണ്ണ സൗജന്യമായും, അനുഗമിക്കുന്നവരുടെ ടിക്കറ്റു സൗജന്യ നിരക്കിലും അനുവദിക്കാൻ ഇൻഡ്യാ ഗവൺമെൻറ് നടപടികൾ സ്വീകരിക്കണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വർഷങ്ങളായി തുടരുന്ന മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന പ്രാകൃത നടപടി അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും പകരം ഉയർന്ന നിരക്ക് ഈടാക്കുന്നതിനെ അംഗീകരിക്കാനാകില്ല. നമ്മുടെ അയൽ രാജ്യങ്ങൾ സ്വന്തം പൗരന്മാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോഴാണ് നമ്മുടെ രാജ്യം പ്രവാസികളോട് ഈ അനാദരവ് തുടരുന്നത്. ഈ ആവശ്യം നേടിയെടുക്കും വരെ പോരാടാൻ മറ്റു പ്രവാസി സംഘടനകളുമായി യോജിച്ചു കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കുമെന്നും ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദലി മലപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് അറിയിച്ചു.