മനാമ: പൗരത്വ ഭേദഗതി നിയമത്തിൽ ഭരണഘടനയെ വെല്ലുവിളിച്ച് മുസ്‌ലിം ജനവിഭാഗത്തെ രണ്ടാം കിട പൗരന്മാരാക്കാനുള്ള ഇൻഡ്യയിലെ ഫാസിസ്റ്റ് ഭരണഗൂഡത്തിന്റെ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ പോരാട്ടം നയിക്കുന്നത് ഇൻഡ്യാ മഹാരാജ്യത്തിൽ ആഴത്തിൽ വേരോടി നിൽക്കുന്ന വൈവിധ്യങ്ങൾ ആണെന്ന് യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ പറഞ്ഞു. കെഎംസിസി സൗത്ത് സോണ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം അത്യന്തം അപകടരമായ സ്ഥിതിയിലേക്ക് വർത്തമാന ഇന്ത്യയെ കൊണ്ടു പോകുകയാണ് ഏകാധിപത്യ ഭരണകൂടം. ചരിത്രത്തിൽ ഏകാധിപതികൾക്കും ക്രൂരമാരായ ഭരണാധികരികൾക്കും കാലം നൽകിയ ശിക്ഷ തന്നെയാണ് ഇൻഡ്യയിലെ ഭരണാധികരികളെയും കാത്തിരിക്കുന്നത്.
2020 ടെ ഇൻഡ്യയെ സൂപ്പർ പവർ ആക്കുമെന്ന് വീമ്പ് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനക്ക് വെക്കുകയും തൊഴിലില്ലായ്മയും വിലക്കയറ്റവും വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊതുജനം സഹികെട്ടിരിക്കുകയാണ്. ഇതിനെ മറക്കാൻ പൗരത്വ ഭേദഗതി യുമായി ഇറങ്ങിയ ബിജെപി സർക്കാറിന് തെറ്റ് പറ്റിയെന്നും ജനം ഒറ്റകെട്ടായി രാജ്യത്താകമാനം രംഗത്ത് വരുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിയിലെ ഗ്രാമങ്ങളിൽ യോഗി പൊലീസ് നടത്തിയത് സമാനതകളില്ലാത്ത ക്രൂരതയാണ്.
ഭയപ്പെടുത്താൻ ശ്രമിച്ചു നടക്കാതെ വരുമ്പോൾ ആണ് തോക്കുകൾ ഉപയോഗിച്ച് കൊലപ്പെടുത്തി വീണ്ടും വീണ്ടും ഭീതിയുയർത്താൻ ശ്രമിക്കുന്നത്. യുപിയിൽ കൊല്ലപ്പെട്ട ധീര രക്തസാക്ഷി കളുടെ ജീവന് മോദിയും യോഗിയും മറുപടി പറയേണ്ടിവരും നിരായുധരായ നിരപരാധികളെയാണ് അവർ കൊന്നു കളഞ്ഞത്. ഈ സമരത്തിൽ ആക്രമിക്കപ്പെട്ട മുഴുവൻ കുടുംബങ്ങൾക്ക് ഒപ്പം മുസ്‌ലിം ലീഗ് ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സദസ്സിൽ പ്രതിജ്ഞ ചൊല്ലി പ്രതിഷേധിച്ചു.
സൗത്ത് സോൺ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായ ഇ.അഹമ്മദ് സാഹിബിന്റെ നാമദേയത്തിലുള്ള കാരുണ്യസ്പർശം ജീവകാരുണ്യ സഹായ പദ്ധതി ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഹാരിസ് എ കെ വി സാഹിബിൽ നിന്നും സൗത്ത് സോൺ കെഎംസിസി വൈസ് പ്രസിഡന്റ് നവാസ് സാഹിബ് കുണ്ടറ ഏറ്റുവാങ്ങിയും, എഡ്യൂക്കേഷൻ എക്സലൻസ് എൻഡോവ്മെന്റ് സ്‌കീം കെഎംസിസി സംസ്ഥാന പ്രവർത്തക സമിതി അംഗവും സീനിയർ നേതാവും ആയ വിഎച് അബ്ദുള്ളയിൽ നിന്നും കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ഏറ്റുവാങ്ങിയും ഉദ്‌ഘാടനം ചെയ്തു.
മുഖ്യാഥിതി ഷിബു മീരാനെ സൗത്ത് സോണ് പ്രസിഡന്റ് റഷീദ് ആറ്റൂർ ഷാൾ അണിയിച്ചു,സൗത്ത് സോൺ സീനിയർ നേതാവ് സൈഫുദ്ധീൻ കൈപ്പമംഗലം മൊമെന്റോ കൈമാറി, സൗത്ത് സോൺ സീനിയർ പ്രവർത്തകൻ ബീരാൻ കുഞ്ഞിസാഹിബിനെ സംസ്ഥാന പ്രസിഡന്റ് എസ്‌വി ജലീൽ സാഹിബും, കെഎംസിസി നിസ്വാർത്ഥ പ്രവർത്തനത്തിന് ആഷിഖ് മേഴത്തൂരിന് സൗത്ത് സോൺ ട്രെഷറർ ജാഫർ സാദിഖ് തങ്ങളും, സിദ്ധീഖ് അദ്‌ലിയക്ക് സൗത്ത് സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചേലക്കരയും ഉപഹാരം നൽകി ആദരിച്ചു.
ഉസ്താദ് അഷ്‌റഫ് അൻവരി പ്രാർത്ഥന നിർവഹിച്ച യോഗം കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എസ്.വി ജലീൽ ഉദ്‌ഘാടനം നിർവഹിച്ചു, കെഎംസിസി സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ അധ്യക്ഷനായിരുന്നു. സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതം പറഞ്ഞു, കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി മുസ്തഫ, കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, കെഎംസിസി മുൻ പ്രെസിഡന്റുമാരായ കുട്ടൂസ മുണ്ടേരി, സി.കെ അബ്ദുൽ റഹ്മാൻ, സമസ്ത ട്രഷറർ അബ്ദുൽ വാഹിദ്, കെഎംസിസി സൗത്ത് സോൺ മുൻ പ്രസിഡന്റ് സൈഫുദ്ധീൻ കൈപ്പമംഗലം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു.