മനാമ: പ്രവാസി മലയാളിക്കുട്ടികളുടെ മാതൃഭാഷാ പoനത്തിന് സുപ്രധാനമായ തീരുമാനവുമായി മലയാളം മിഷൻ. ലാറ്ററൽ എൻട്രി അഥവാ സമാന്തര പ്രവേശനത്തിലുടെ കുട്ടികൾക്ക് അവരുടെ പ്രായത്തിന്റെയും ഭാഷാശേഷിയുടെയും അടിസ്ഥാനത്തിൽ ഉയർന്ന കോഴ്സിലേക്ക് നേരിട്ട് പ്രവേശനം നേടുവാൻ ഇത് മൂലം കഴിയും
നിലവിൽ മലയാളം മിഷന്റെ പഠന കേന്ദ്രങ്ങളിൽ പഠിതാക്കളല്ലാത്ത കുട്ടികൾക്കും സമാന്തര പ്രവേശനത്തിന് അവസരം ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമായ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് നിലവിൽ നാല് കോഴ്സുകളാണ് നടന്നു വരുന്നത്. പ്രാഥമിക കോഴ്സായ കണിക്കൊന്ന, (ആറ് വയസ്സ് പൂർത്തിയായ ആർക്കും ഈ സർട്ടിഫിക്കേറ്റ് കോഴ്സിൽ ചേരാം) തുടർന്ന് ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തി (രണ്ട് വർഷം), ഹയർ ഡിപ്ലോമ കോഴ്സായ ആമ്പൽ ( 3 വർഷം) സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി (3 വർഷം)
എന്നിങ്ങനെ അനുക്രമമായി പഠിക്കുന്ന രീതിയിലാണ് കോഴ്‌സുകൾ.
ഈ കോഴ്സുകൾ പുർത്തീകരിക്കുമ്പോൾ പത്താം ക്ലാസ്സിന് തതുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ കഴിയുന്ന രീതിയിലുളളതാണ് ഈ പാഠ്യപദ്ധതി.
മലയാളം മിഷന്റെ പുതിയ വിജ്ഞാപനമനുസരിച്ച് ഇനി മുതൽ എട്ട് വയസ്സ് പൂർത്തിയായ കുട്ടിക്ക് ഡിപ്ലോമ കോഴ്സിലേക്കും പത്ത് വയസ്സായ കുട്ടിക്ക് ഹയർ ഡിപ്ലോമ കോഴ്സിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. അനിവാര്യമായ സാഹചര്യത്തിൽ സീനിയർ ഹയർ ഡിപ്ലോമ കോഴ്സിലേക്കും പതിമൂന്ന് വയസ്സ് തികഞ്ഞ കുട്ടികൾക്ക് നേരിട്ട്
പ്രവേശനം അനുവദിക്കും.
ബഹ്റൈൻ ചാപ്റ്ററിനു കീഴിൽ നിലവിൽ ഏഴ് പഠനകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിനു പുറമെ കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസ്സിയേഷൻ (ഗുദേബിയ), ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (സൽമാനിയ), ഗുരുദേവ സോഷ്യൽ സൊസൈറ്റി (സലിഖിയ), ബഹ്റൈൻ പ്രതിഭ (റിഫ), ദിശ സെൻറർ (റിഫ), വ്യാസ ഗോകുലം (റിഫ) എന്നിവയാണ് മറ്റ് പഠനകേന്ദ്രങ്ങൾ.
സമാന്തര പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന പഠിതാക്കൾക്ക്, ചേരാൻ ഉദ്ദേശിക്കുന്ന കോഴ്സിന് ആവശ്യമായ അടിസ്ഥാന യോഗ്യതകൾ ഉണ്ടായിരിക്കുകയും ഏതെങ്കിലുമൊരു പഠനകേന്ദ്രം മുഖേന മലയാളം മിഷനിൽ പേര് രജിസ്റ്റർ ചെയ്യുകയും മലയാളം മിഷൻ നടത്തുന്ന നിർദ്ദിഷ്ട പരീക്ഷ എഴുതി വിജയിക്കുകയും ചെയ്യേണ്ടതുണ്ട്.
മലയാളം മിഷന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ഏറ്റവും നിർണ്ണായ തീരുമാനമാണ് സമാന്തര പ്രവേശനമെന്നും അത് പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നവർ ജനുവരി 15 ന് മുമ്പായി മലയാളം മിഷന്റെ ഏതെങ്കിലുമൊരു പഠന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും മലയാളം മിഷൻ പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയും സെക്രട്ടറി ബിജു.എം.സതീഷും വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാന്തര പ്രവേശനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് രജിത അനി (ജോയിന്റ് സെക്രട്ടറി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ) 38044694,36045 442